attukal

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുത്തനേ കുറഞ്ഞ സാഹചര്യത്തിൽ ക്ഷേത്രോത്‌സവങ്ങൾക്കും മതപരമായ മറ്റു പരിപാടികൾക്കും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിച്ചു. ആലുവ ശിവരാത്രി, ആറ്റുകാൽ പൊങ്കാല, മരാമൺ കൺവെൻഷൻ ഉൾപ്പെടെയുള്ള എല്ലാ മതപരമായ ചടങ്ങുകൾക്കും 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ 1500 പേർക്ക് പങ്കെടുക്കാം. ഉത്സവ കലാപരിപാടികളിലും ഈ രീതിയിൽ പങ്കെടുക്കാം.

അതേസമയം, ഭക്ത ലക്ഷങ്ങൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല കഴിഞ്ഞ വർഷത്തെ പോലെ വീടുകളിൽ ചുരുക്കണമെന്നും പൊതുസ്ഥലത്ത് അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി വി.പി. ജോയ് ഇറക്കിയ ഉത്തരവിലുണ്ട്. ഈ സാഹചര്യത്തിൽ ക്ഷേത്രവളപ്പിൽ പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല അർപ്പിക്കാനാണ് ക്ഷേത്ര ട്രസ്റ്ര് അധികൃതരുടെ തീരുമാനം.

ആർ.ടി.പി.സി.ആർ

സർട്ടിഫിക്കറ്റ് വേണം

മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്ന 18 വയസിന് മുകളിലുള്ളവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ മൂന്നു മാസത്തിനുള്ളിൽ കൊവിഡ് വന്നുപോയതിൻെറ രേഖയോ കരുതണം. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും ഇത് ബാധകമാണ്. 18 വയസിൽ താഴെയുള്ളവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ മുതിർന്നവർക്കൊപ്പം പങ്കെടുക്കാം. ചടങ്ങിൽ പങ്കെടുക്കുന്നവർ മാസ്ക്ക് ധരിച്ചിരിക്കണം. പന്തലിനുള്ളിൽ ഭക്ഷണ വിതരണം പാടില്ല. കൊവിഡ് പ്രോട്ടോക്കോൾ സംഘാടകർ ഉറപ്പാക്കണം.

രേഖകൾ പ്രായോഗികമല്ല:

ആറ്റുകാൽ ട്രസ്റ്റ്

ഉത്സവം ആരംഭിച്ചു കഴിഞ്ഞ ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ മൂന്നുമാസത്തിനുള്ളിൽ കൊവിഡ് വന്നുപോയതിൻെറ രേഖയോ കരുതണമെന്ന നിർദ്ദേശം പ്രായോഗികമാകില്ലെന്ന് ട്രസ്റ്റ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പൊങ്കാല വീടുകളിലായതിനാൽ ദർശനത്തിന് മാത്രമാണ് ആളുകളെത്തുന്നത്. ഒട്ടേറെപ്പേർ വന്നുപോകുന്നുണ്ട്. മറ്റു ഉത്സവദിവസങ്ങളെ പോലെ പൊങ്കാല ദിവസവും ആളുകൾ -ദർശനം നടത്തി മടങ്ങും. മുൻകൂട്ടി രജിസ്ട്രേഷനോ ബുക്കിംഗോ ഇല്ലാത്തതിനാൽ രേഖകൾ വേണമെന്ന് നിർബന്ധം പിടിക്കാനാകില്ല. വരുന്നവരെ രേഖകൾ പരിശോധിച്ച് കടത്തിവിടാനുമാകില്ല.

#അങ്കണവാടികൾ തിങ്കൾ മുതൽ

അങ്കണവാടികൾ തിങ്കളാഴ്ച മുതൽ പ്രവർത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ, ക്രഷുകൾ, കിൻഡർ ഗാർട്ടൻ തുടങ്ങിയവ അന്ന് മുതൽ ഓഫ് ലൈനായി പ്രവർത്തിക്കും. അതിനൊപ്പം അങ്കണവാടികളും തുറക്കാൻ വനിതാ ശിശുവികസന വകുപ്പ് തീരുമാനിക്കുകയായിരുന്നു. അങ്കണവാടികൾ തുറന്നാൽ കുട്ടികൾക്കുള്ള പോഷകാഹാരങ്ങൾ കൃത്യമായി നൽകാനാവും. കുട്ടികളെ എത്തിക്കുമ്പോൾ ജീവനക്കാരും രക്ഷിതാക്കളും മാർഗനിർദ്ദേശം കർശനമായി പാലിക്കണം.