തിരുവനന്തപുരം: നഗരസഭയിലെ പട്ടികജാതി ഫണ്ട് തട്ടിപ്പ് ഇനി വിജിലൻസ് അന്വേഷിക്കും. രണ്ട് ദിവസത്തിനുള്ളിൽ വിജിലൻസ് അന്വേഷണം ഏറ്റെടുക്കും. പ്രിവൻഷർ ഒഫ് കറപ്ഷൻ ആക്ടിൽ രജിസ്റ്റ‌ർ ചെയ്ത കേസായിരുന്നു ഇത്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നത് വിജിലൻസാണ്. എന്നാൽ ഈ പ്രശ്നത്തിൽ പരാതികളും വിവാദങ്ങളും ഉടലെടുത്തതു കൊണ്ടാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. നിലിവൽ സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി അനിൽകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.ഒന്നാം പ്രതി നഗരസഭയിലെ സീനിയർ ക്ളാർക്ക് യു.രാഹുൽ 1.04 കോടി രൂപ തട്ടിയെടുത്തെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തട്ടിപ്പിന്റെ അന്വേഷണം ഏകദേശം പൂർത്തിയായി എന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഇനി തുകയുടെ കണക്കും മറ്റ് ബാങ്ക് ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളും വിജിലൻസ് തിരുവനന്തപുരം യൂണിറ്റാകും അന്വേഷിക്കുക. രാഹുലിനെ കൂടാതെ 10 പേരെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ടായിരുന്നു. രാഹുൽ തട്ടിപ്പിന് കൂട്ടുനിന്ന ഡി.വൈ.എഫ്.ഐ നേതാവിന്റെയും മുൻ മന്ത്രിയുടെ മകന്റെയും പേര് വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സർക്കാർ അനുവദിച്ച തുകയിൽ നിന്ന് ലക്ഷങ്ങൾ പോയത് സി.പി.എം മുൻ മന്ത്രിയുടെ മകന്റെയും ഡി.വൈ.എഫ്.ഐ നേതാവിന്റെയും അക്കൗണ്ടുകളിലേക്കാണെന്ന് പൊലീസ് കണ്ടെത്തിയതോടെ അന്വേഷണം പൂട്ടിക്കെട്ടാൻ സി.പി.എം പാർട്ടി നേതൃത്വം ഇടപ്പെട്ടെന്ന ആക്ഷേപവും ശക്തമാണ്.