venadu

തിരുവനന്തപുരം: തൃശ്ശൂരിനടുത്ത് പുതുക്കാട് ചരക്ക് വണ്ടി പാളംതെറ്റിയതിനെ തുടർന്ന് ഇന്നത്തെ തിരുവനന്തപുരം - ഷൊർണ്ണൂർ വേണാട് എക്സ്‌പ്രസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഷൊർണ്ണൂർ- എറണാകുളം മെമു,കോട്ടയം - നിലമ്പൂർ എക്സ്‌പ്രസ് എന്നിവയും റദ്ദാക്കി.

ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി ഇന്ന് എറണാകുളത്തും ഗുരുവായൂർ - പുനലൂർ പാസഞ്ചർ എക്സ്‌പ്രസ് തൃപ്പൂണിത്തുറയിലും നിന്നായിരിക്കും സർവീസ് തുടങ്ങുക. തിരുനെൽവേലി - പാലക്കാട് എക്സ്‌പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

ഇന്ന് ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിക്കാനാകുമെന്ന് റെയിൽവേ അറിയിച്ചു.


ഇന്നലെ വേണാട്, എറണാകുളം - ഗുരുവായൂർ സ്പെഷ്യൽ, പാലക്കാട് - തിരുനെൽവേലി പാലരുവി എന്നിവ റദ്ദാക്കിയിരുന്നു. എറണാകുളം - പാലക്കാട് മെമു ആലുവയിലും നിലമ്പൂർ - കോട്ടയം എക്സ്‌പ്രസ് ഷൊർണൂരിലും തിരുവനന്തപുരം - ഗുരുവായൂർ ഇന്റർസിറ്റി എറണാകുളത്തും കണ്ണൂർ - എറണാകുളം ഇന്റർസിറ്റി ഷൊർണൂരിലും യാത്ര അവസാനിപ്പിച്ചു.

കെ.എസ്.ആർ.ടി.സി അധിക സർവീസ്

ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനാൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് ആറു വീതവും അധിക സർവീസുകൾ നടത്തുന്നുണ്ട്. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്കും കൂടുതൽ ബസ് സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യമനുസരിച്ച് ഏതു റൂട്ടിലും കൂടുതൽ സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

സർവീസുകൾ ആവശ്യമുണ്ടെങ്കിൽ കെ.എസ്.ആ.ർ.ടി.സി കൺട്രോൾ റൂമിൽ ബന്ധപ്പെടാം. ഫോൺ: 04712463799,​ 9447071021,​ 1800 599 4011.