cpm-parassala

പാറശാല: ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ട നടപടിയിൽ സി.പി.എം പ്രതിഷേധിച്ചു. കഴിഞ്ഞ ആറ് വർഷമായി ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നൈറ്റ് വാച്ചറായി ജോലി നോക്കിയിരുന്ന വിജയകുമാർ, ക്ളീനിംഗ് സ്റ്റാഫായ സ്മിത എന്നിവരെയാണ് അകാരണമായി പിരിച്ചുവിട്ടത്. നടപടിക്കെതിരെ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് കേരള അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ ഉത്തരവ് ഉണ്ടായി. എന്നാൽ പിരിച്ചുവിട്ടവരെ തിരികെ പ്രവേശിപ്പിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ സി.പി.എം ചെങ്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധസമരം സംഘടിപ്പിക്കുകയായിരുന്നു. സി.പി.എം പാറശാല ഏരിയാ കമ്മിറ്റി അംഗം കടകുളം ശശി സമരം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.എസ്. സന്തോഷ്‌കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ ജെ. ജോജി, ആർ. ശോഭന, പഞ്ചായത്തംഗങ്ങളായ വി. അജയൻ, എ. ചന്ദ്രൻ, ആർ. ഷീജാറാണി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ ചെങ്കൽ സാജൻ, എച്ച്. സുഗന്ധി, ജി. തങ്കാഭായി എന്നിവർ സംസാരിച്ചു.