
വിഴിഞ്ഞം: പ്രതി രാജേന്ദ്രനെ തമിഴ്‌നാട്ടിൽ നിന്നെത്തിച്ച് ചോദ്യം ചെയ്തത് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ. തിരക്ക് കുറവായ സ്റ്റേഷൻ എന്ന നിലയ്ക്കാണ് ഇവിടം തിരഞ്ഞെടുത്തത്. കനത്ത പൊലീസ് വലയത്തിലാണ് പ്രതിയെ ഇവിടെ എത്തിച്ചത്. ഇന്നലെ രാവിലെ 8.40ന് എത്തിച്ച പ്രതിയെ ആറ് മണിക്കൂറിലേറെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ചോദ്യം ചെയ്തു.
കസ്റ്റംസ് ഓഫീസറെയും
കുടുംബത്തെയും വകവരുത്തി
നാഗർകോവിൽ: മോഷണ ശ്രമത്തിനിടെ കന്യാകുമാരി ആരുവാമൊഴി തിരുപ്പതിസാരം സ്വദേശിയായ കസ്റ്റംസ് ഓഫീസറെയും ഭാര്യയേയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് രാജേന്ദ്രൻ. കസ്റ്റംസ് ഓഫീസർ സുബയ്യ, ഭാര്യ വസന്തി, മകൾ ശ്രീഅഭി എന്നിവരെയാണ് കൊലപ്പെടുത്തിയത്. 2015 ജൂലൈ രണ്ടിനായിരുന്നു സംഭവം. ഇവരുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു അന്ന് രാജേന്ദ്രൻ.
കൃത്യത്തിനുശേഷം ഒളിവിൽ പോയ ഇയാളെ കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യംനേടി ഇയാൾ കേരളത്തിലേക്ക് കടക്കുകയായിരുന്നു എന്നാണ് തമിഴ്നാട് പൊലീസ് പറയുന്നത്. പ്രതി എപ്പോഴും കൈവശം കത്തി കരുതാറുണ്ടെന്നും കൊടുംക്രിമിനലാണെന്നും പൊലീസ് പറയുന്നു.