തിരുവനന്തപുരം:കിംസ്‌ഹെൽത്തിൽ കൗമാരക്കാർക്കും കുട്ടികൾക്കുമായി എപ്പിലെപ്‌സി (അപസ്മാരം) ക്ലിനിക് ആരംഭിച്ചു.എല്ലാ മാസവും ആദ്യത്തേയും മൂന്നാമത്തേയും തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെയാണ് പരിശോധന.വിദഗ്ദ്ധ പരിശോധനയ്ക്കുള്ള വീഡിയോ ഇ.ഇ.ജി, എം.ആർ.ഐ ബ്രയിൻ,ഡ്രഗ് ലെവൽ മോണിറ്ററിംഗ്, സ്ലീപ് സ്റ്റഡി സൗകര്യങ്ങൾ ലഭ്യമാണ്.ഇത്തരം കുട്ടികളിൽ സാധാരണയായി കാണാറുള്ള മറ്റു പ്രശ്‌നങ്ങളായ ബുദ്ധിവൈകല്യം,ഹൈപ്പർആക്ടിവിറ്റി,ഓട്ടിസം,പഠനവൈകല്യം എന്നിവയ്ക്ക് വിദഗ്ദ്ധ പരിശോധനയും പ്രത്യേക പരിശീലനവും ലഭിക്കും. മരുന്നുകൾ ദീർഘകാലം കഴിക്കുന്നതിനാലുള്ള പാർശ്വഫലങ്ങളായ ഹൈപ്പോ തൈറോയിഡിസം,അമിതഭാരം,ഉറക്കക്കുറവ്,ഉറക്കക്കൂടുതൽ എന്നിവ പ്രാരംഭത്തിൽ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്.
മരുന്നുകൾ കൊണ്ട് നിയന്ത്രിക്കാൻ കഴിയാത്ത രോഗികളെ നേരത്തേ തിരിച്ചറിയുകയും ശസ്ത്രക്രിയ വേണ്ടവരെ റഫർ ചെയ്യുകയും ചെയ്യും. ശസ്ത്രക്രിയയിലൂടെ ഭേദമാകാൻ സാദ്ധ്യതയില്ലാത്ത കുട്ടികളിൽ കീറ്റോജനിക് ഡയറ്റ് തെറാപ്പി 30 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. കീറ്റോജനിക് തെറാപ്പി തനതായ ശൈലിയിൽ ചെയ്യുന്ന ആശുപത്രികൾ കേരളത്തിൽ വളരെ കുറവാണ്. ഈ മേഖലയിൽ പ്രത്യേക പരിശീലനം നേടിയ ന്യൂറോളജിസ്റ്റുകളുടേയും ഡയറ്റീഷ്യൻമാരുടേയും സേവനം ക്ലിനിക്കിൽ ഉണ്ടായിരിക്കും. പീഡിയാട്രിക് ന്യൂറോളജിസ്റ്റുകളായ ഡോ. ഡി കൽപന, ഡോ. മുഹമ്മദ് കുഞ്ഞ്, ഡെവലപ്‌മെന്റൽ പീഡിയാട്രീഷൻ ഡോ. റീബ ആൻ ഡാനിയേൽ, ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റുകളായ സുചിത്ര പി എസ്, ഡോ. ലീന സാജു എന്നിവരുടെ സേവനം ക്ലിനിക്കിൽ ലഭ്യമാണ്.