crime

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ നാടിനെ ഞെട്ടിച്ച കൊലക്കേസിൽ പ്രതിയെ പിടികൂടാനായതിൽ ആശ്വസിക്കുമ്പോഴും കൊലയാളിയുടെ ക്രിമിനൽ പശ്ചാത്തലത്തിൽ സിറ്റി പൊലീസും ഞെട്ടി. കവർച്ചയ്ക്കായി നാല് കൊലപാതകങ്ങൾ നടത്തിയ ക്രിമിനലാണ് പേരൂർക്കട പൊലീസ് സ്റ്റേഷന്റെ മൂക്കിന് കീഴിലെ ടീ സ്റ്റാളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചായ ഒഴിപ്പുകാരനായും സപ്ളൈയറായും വിലസിയത്. അന്യസംസ്ഥാന തൊഴിലാളികൾ ജോലിക്കെത്തിയാൽ അക്കാര്യം പൊലീസിനെ അറിയിക്കണമെന്നും അതാത് സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളും ഹാജരാക്കണമെന്നുമുള്ള നിർദ്ദേശം ടീ സ്റ്റാൾ ഉടമയും പാലിച്ചില്ല.

പിടിയിലായപ്പോൾ പൊലീസിന് മുന്നിൽ പാവത്താനെപ്പോലെ പമ്മിയും പതുങ്ങിയും നിന്ന രാജേന്ദ്രനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഒരുപതിറ്റാണ്ടിനിടെ തമിഴ്നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നടത്തിയ അരും കൊലകളുടെ ചുരുളഴിഞ്ഞത്. കവർച്ചയ്ക്കുവേണ്ടി എന്ത് ക്രൂരകൃത്യവും ചെയ്യാൻ മടിയില്ലാത്ത പ്രകൃതക്കാരനാണ് രാജേന്ദ്രൻ. രക്തം കണ്ട് അറപ്പുമാറിയ പ്രകൃതം. ലക്ഷ്യം നേടാൻ കൈയിൽ കിട്ടുന്നതെന്തും ആയുധമാക്കും.

പൊലീസ് ചോദ്യം ചെയ്യലിൽ കൂസലൊന്നും കൂടാതെ കുറ്റകൃത്യം സമ്മതിച്ച രാജേന്ദ്രൻ കൊലയ്ക്ക് ഉപയോഗിച്ച ആയുധമോ, രക്തക്കറ പുരണ്ട വസ്ത്രം ഒളിപ്പിച്ചതെവിടെയെന്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എം.കോം വരെ പഠിച്ചെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കന്യാകുമാരി എസ്.പി യുമായി ബന്ധപ്പെട്ട് ഇയാളുടെ കൂടുതൽ വിവരങ്ങൾ മനസിലാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം.