
@രജതജൂബിലി മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ തോന്നയ്ക്കൽ സായിഗ്രാമത്തിൽ പ്രവർത്തിക്കുന്ന
ശ്രീസത്യസായി ആർട്‌സ് ആൻഡ് സയൻസ് കോളേജിന് ഒരു ലക്ഷം സ്‌ക്വയർഫീറ്റിൽ പുതിയമന്ദിരം പൂർത്തിയായി. ട്രസ്റ്റിന്റെ രജതജൂബിലിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ പണികഴിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം അടുത്തമാസം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ അറിയിച്ചു.കോളേജ് നാലു വർഷം പൂർത്തിയാകുന്ന ഘട്ടത്തിലാണ് പുതിയ കെട്ടിടം സജ്ജമായത്. കേരളത്തിലെ കോളേജുകളിലെ ഏറ്റവും വലിയ ഫിസിക്‌സ് ലാബ്,ലൈബ്രറി എന്നിവയും ഈ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
കോളേജിന് ആവശ്യമായ വെള്ളം ലഭ്യമാക്കാൻ റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ് പ്രോജക്ടും,വൈദ്യുതിക്കായി 25 KW സോളാർ സ്റ്റേഷനും കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുണ്ട് ബി.എ ഇംഗ്ലീഷ്, ബികോം ഫിനാൻസ്,ബി.എസ്.സി ഫിസിക്‌സ്, എം.എസ്.സി സ്‌പെയ്‌സ് ഫിസിക്‌സ് എന്നിവയാണ് നിലവിലുള്ള കോഴ്‌സുകൾ.സ്‌പെയ്‌സ് ഫിസിക്‌സ് കോഴ്‌സിന്റെ ഭാഗമായി ഒബ്‌സർവേറ്ററിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഉടൻ തയ്യാറാകും. എയ്ഡഡ് മേഖലയിലുള്ള കോളേജാണെങ്കിലും അനുമതി ലഭിച്ചതിന് പിന്നാലെ മാനേജ്മെന്റ് സീറ്റും സർക്കാരിന് വിട്ടു നൽകിയെന്ന പ്രത്യേകയും ഈ കോളേജ് ഇതിനോടകം നേടിയിട്ടുണ്ട്.
സൗജന്യ ഭക്ഷണം
കോളേജിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം സായിനൈവേദ്യം എന്ന പേരിലുള്ള ഊട്ടുപുരയിലൂടെ സൗജന്യമായാണ് നൽകുന്നത്. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്കുവേണ്ടി കോളേജിന്റെ അഞ്ച് നിലകളിലേക്ക് എത്താൻ ലിഫ്റ്റ് സൗകര്യവുമുണ്ട്. പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്കായി കാമ്പസ് റിക്രൂട്ട്‌മെന്റും ഈ വർഷം മുതൽ ആരംഭിക്കും.