തിരുവനന്തപുരം: സ്മാർട്ട് റോഡ് നിർമ്മാണത്തിനായി പൊളിച്ചിട്ടിരിക്കുന്ന റോഡുകളുടെ പണി എത്രയും വേഗം പൂർത്തിയാക്കാൻ സ്മാർട്ട് സിറ്റിക്ക് നഗരസഭ നിർദ്ദേശം നൽകി. ഇന്നലെ നഗരസഭയിൽ നടന്ന സ്മാർട്ടി സിറ്റി അവലോകനയോഗത്തിലാണ് നിർദ്ദേശം. നഗരത്തിൽ സ്മാർട്ട് റോഡിന്റെ നിർമ്മാണത്തിന് പല റോഡുകളും കുഴിച്ചും പൊളിച്ചുമിട്ടിരിക്കുന്നതിനാൽ നഗരവാസികൾ ദുരിതത്തിലാണ്. ഇവിടങ്ങളിൽ കേബിൾ തുരങ്കങ്ങൾ നിർമ്മിക്കുന്നതിനായി മണ്ണെടുപ്പ് തുടരുന്നതിനിടെ ഇടയ്ക്കിടെയുണ്ടാകുന്ന പൈപ്പ് പൊട്ടലാണ് പ്രധാന പ്രശ്നം. പൈപ്പ് പൊട്ടി കുഴികളിൽ നിറയുന്ന വെള്ളം പമ്പ് ചെയ്യുന്നതിനും ചോർച്ച പരിഹരിക്കുന്നതിനും സമയമെടുക്കുന്നതിനാലാണ് ജോലികൾ വൈകുന്നത്. നഗരസഭയും കേരള റോഡ് ഫണ്ട് ബോ‌ർഡും കൺസൾട്ടൻസി സ്ഥാപനമായ ഐ.പി.ഇ ഗ്ളോബലും ചേർന്ന് നടത്തിവരുന്ന നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഇനിയും 13 മാസമെടുക്കുമെന്നാണ് അധികൃതർ പറയുന്നത്. നഗരത്തിലെ ഒമ്പത് വാർഡുകളിലെ 46 കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത്. പനവിള- ആനിമസ്ക്രീൻ സ്ക്വയർ റോഡ് (കലാഭവൻമണി റോഡ്), ബേക്കറി- ഫോറസ്റ്റ് ഓഫീസ് റോഡ്, സ്പെൻസർ ജംഗ്ഷൻ - എ.കെ.ജി റോഡ്, മാനവീയം റോഡ്, സ്റ്രാച്യൂ- ജനറൽ ആശുപത്രി റോഡ്, കൈതമുക്ക് - പുന്നപുരം റോഡ് എന്നിവിടങ്ങളിലാണ് നിലവിൽ ജോലികൾ നടക്കുന്നത്. ഒബ്സർവേറ്റി കുന്നിലെ കുട്ടികളുടെ പാർക്കും മാനവീയം വീഥിയുടെ പുനരുദ്ധാരണവും 3 മാസത്തിനുള്ളിൽ പൂർത്തിയാകും. ആർ.കെ.വി റോഡിലെ വെൻഡിംഗ് സോണിന് 34 കടമുറികൾ പൂർത്തിയായി. ഒരു മാസത്തിനുള്ളിൽ കടമുറികൾ ഗുണഭോക്താക്കൾക്ക് കൈമാറും. കിഴക്കേകോട്ട ശ്രീചിത്ര പാർക്ക്, ചരിത്രവീഥി പുനരുദ്ധാരണം, തമ്പാനൂർ മൾട്ടി ലെവൽ പാർക്കിംഗ്, രാജാജി നഗറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും പുത്തരിക്കണ്ടം ഓപ്പൺ എയർ തിയേറ്ററിന്റെയും നിർമ്മാണവും പുരോഗമിക്കുകയാണ്. വഴുതക്കാട് വിമെൻസ് കോളേജ്, യൂണിവേഴ്സിറ്റി ലൈബ്രറി, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലെ സോളാർ പാനൽ പണിയും അവസാനഘട്ടത്തിലാണ്. അവലോകന യോഗത്തിൽ സ്മാർട്ട് സിറ്റി സി.ഇ.ഒയുടെ ചുമതല വഹിക്കുന്ന സബ് കളക്ടർ മാധവിക്കുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ്, സ്മാർട്ട് സിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.