പോത്തൻകോട്: ബൈക്ക് റേസിംഗിനെച്ചൊല്ലി തോന്നയ്‌ക്കൽ എ.ജെ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. രണ്ടാംവർഷ വിദ്യാർത്ഥികൾ ബൈക്ക് റേസിംഗ് നടത്തിയതിനെ മൂന്നാംവർഷ വിദ്യാർത്ഥികൾ ചോദ്യം ചെയ്‌തതിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രിൻസിപ്പൽ അറിയിച്ചതിനെ തുടർന്ന് മംഗലപുരം പൊലീസെത്തി വിദ്യാർത്ഥികളെ വിരട്ടിയോടിക്കാൻ ശ്രമിക്കവെ വിദ്യാർത്ഥികൾ പൊലീസിന് നേരെ കല്ലെറിഞ്ഞു.
തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തിവീശി. ലാത്തിച്ചാർജിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വിദ്യാർത്ഥികളുടെ കല്ലേറിൽ ഒരു പൊലീസുകാരന്റെ കാലിന് പരിക്കേറ്റു. കാമ്പസിൽ കയറി വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ മംഗലപുരം പൊലീസിൽ പരാതി നൽകി.