
തിരുവനന്തപുരം: ലോക് ഡൗൺ സമാന നിയന്ത്രണങ്ങളുണ്ടായിരുന്ന കഴിഞ്ഞ ഞായറാഴ്ച കവർച്ച നടത്തുക എന്ന ലക്ഷ്യത്തോടെ പ്രതി രാജേന്ദ്രൻ നഗരത്തിലൂടെ നടന്നുവെന്ന് പൊലീസ് പറയുന്നു. റോഡിലൂടെ നടക്കുകയായിരുന്ന മറ്റൊരു സ്‌ത്രീയെയാണ് ആദ്യം ലക്ഷ്യംവച്ചത്. പിന്നീടാണ് ചെടി വില്പനശാലയ്‌ക്ക് മുന്നിൽ ഒറ്റയ്‌ക്ക് നിൽക്കുന്ന വിനിതമോളെ കണ്ടത്. വിനിതയുടെ കഴുത്തിലെ മാല ലക്ഷ്യംവച്ച് വില്പനശാലയിലേക്ക് കയറിയ രാജേന്ദ്രൻ ചെടി ആവശ്യപ്പെട്ടു. ഏത് ചെടിയെന്ന് ചോദിച്ചപ്പോൾ രാജേന്ദ്രൻ പകച്ചു. നോട്ടത്തിൽ ഉൾപ്പെടെ സംശയം തോന്നിയ വിനിത തിരിഞ്ഞുനടന്നപ്പോൾ കഴുത്തിലെ മാലയിൽ രാജേന്ദ്രൻ പിടിച്ചു. ബലപ്രയോഗത്തിനൊടുവിൽ പൊടുന്നനെ കത്തി കൊണ്ട് വിനിതയുടെ കഴുത്തിലേക്ക് ആഴത്തിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.