sarkara

ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിൽ ഇന്ന് (ഞായർ) നടക്കുന്ന പൊങ്കാല മഹോത്സവം കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമായി നടക്കും.ഇന്ന് രാവിലെ 9നും 9.30നും മദ്ധ്യേ ക്ഷേത്ര മേൽശാന്തി ചിറയ്ക്കര നന്ദനമഠത്തിൽ പ്രേംകുമാർ പോറ്റി ക്ഷേത്ര സേവാപന്തലിന് സമീപം ഇളംമതിലിന് പുറത്ത് പ്രത്യേകമായൊരുക്കുന്ന പണ്ടാര അടുപ്പിൽ തീ പകരും.11.30ന് പൊങ്കാല നിവേദ്യം നടക്കും.ക്ഷേത്ര പറമ്പിൽ ഭക്തജനങ്ങൾക്ക് പൊങ്കാലയിടാൻ അനുവാദമില്ല. ഭക്തജനങ്ങൾക്ക് അവരവരുടെ വീടുകളിൽ പൊങ്കാലയിട്ട് ദേവിക്ക് സമർപ്പിക്കാം.വിവിധ സ‌ർക്കാ‌‌‌‌ർ വകുപ്പുകളിലെ പ്രതിനിധികൾ, ദേവസ്വം ബോർഡ്,ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. പൊങ്കാലയോടനുബന്ധിച്ച് ഇന്ന് രാവിലെയും വൈകിട്ടും ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക പൂജകളിൽ കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഭക്തജനങ്ങൾക്ക് പങ്കെടുക്കാം.