
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്ന ദിവസം രാവിലെയാണ് യോഗിജി ആദിത്യനാഥ് ജി അക്കാര്യം വോട്ടർമാരോട് തുറന്നുപറഞ്ഞത്. നിങ്ങൾക്ക് പിഴവ് പറ്റിയാൽ ഈ നാട് കേരളമോ ബംഗാളോ കാശ്മീരോ ആയി മാറുമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഇത് അവസാനത്തെ ബസാണെന്നും ഈ ലാസ്റ്റ് ബസ് കൂടെക്കൂടെ ഓടിയാലേ കാര്യങ്ങളൊക്കെ ഒരുമാതിരി യു.പിയായി നിൽക്കൂ എന്നുമാണ് അദ്ദേഹം പറയാനുദ്ദേശിച്ചത്.
യോഗിജി ആദിത്യനാഥ് ജി നല്ല ഒന്നാം ക്ലാസ് ബ്രാഹ്മണനാണ്. ബ്രാഹ്മിൺസ് മസാലയുമായി അദ്ദേഹത്തിന് ബന്ധമില്ലെങ്കിലും പടിഞ്ഞാറൻ യു.പിയിലെ ജാട്ടുകളെയൊക്കെ നല്ലപോലെ അറിയാം. കഴിഞ്ഞ തവണ പടിഞ്ഞാറൻ യു.പിയിൽ യോഗിജിക്ക് കാവി തൊടാനായതിൽ ഒരുപങ്ക് ജാട്ടുകൾക്കുമുണ്ട്. ജാട്ടുകളെയും മുസ്ലിങ്ങളെയും തമ്മിൽ തല്ലിക്കാൻ മുസാഫർനഗറിൽ നടന്ന കലാപത്തെ യോഗിജിയും അമിത് ഷാജിയും ഉപയോഗിച്ചുവെന്ന് ചില പാപ്പരാസികൾ പാടി നടക്കുന്നുണ്ട്. യോഗിജി അതൊക്കെ കേൾക്കുമ്പോൾ ചുണ്ട് ഒരു വശത്തേക്കൊന്ന് കോട്ടി ഒരു പുച്ഛച്ചിരി ചിരിക്കും. അത്രേയുള്ളൂ.
യോഗിജിക്ക് എല്ലാം അറിയാം. മുസാഫർനഗർ പോലെയുള്ള കലാപരിപാടികളും കൊണ്ട് ഇത്തവണ പിടിച്ചുനിൽക്കാനാവില്ലെന്നും അദ്ദേഹത്തിന് അറിയാം. സമരം ചെയ്ത കർഷകരെ വണ്ടി കയറ്റിക്കൊന്ന വില്ലാളിവീരന്മാരെ ഓർത്ത് യോഗിജി അന്ന് പുളകിതനായിരുന്നെങ്കിലും ഇപ്പോളത് വേണ്ടായിരുന്നു എന്ന തോന്നൽ കലശലാണ്. അണ്ടിയോടടുക്കുമ്പോഴാണല്ലോ മാങ്ങയുടെ യഥാർത്ഥ പുളി അറിയാനാവുക എന്നത് പോലെ വോട്ടെടുപ്പിലേക്ക് കടക്കുമ്പോഴാണ് ജാട്ടുകളെയും മുസ്ലിങ്ങളെയും കർഷകരെയും മറ്റ് സകല ഏടാകൂടങ്ങളെയും യോഗിജിയും തിരിച്ചറിയുന്നത്. അങ്ങനെയാണ് യോഗിജി അവസാനത്തെ അടവ് പുറത്തെടുക്കാൻ തീരുമാനിച്ചത്.
താമര വിരിഞ്ഞില്ലെങ്കിൽ ഇത് കേരളമാകും എന്ന് യോഗിജി പറഞ്ഞത് തത്വചിന്താപരമായി നോക്കിയാൽ ശരി തന്നെയാണ്. വിരിയാൻ നോക്കിയ താമരയെ മുളയിലേ നുള്ളിക്കളയുന്ന കോടാലികളാണ് കേരളത്തിലുള്ളവർ. കോടാലി എറിഞ്ഞ് കേരളമുണ്ടാക്കിയ പരശുരാമൻ മോഡലായത് കൊണ്ടാണത്. നേമത്ത് എങ്ങനെയെല്ലാമോ പാടുപെട്ട് അഞ്ചാറ് കൊല്ലം മുമ്പ് താമര ഒരു വിധം വിരിയിച്ചതാണ്. അതിന് ശരിയായ പോഷണം സാദ്ധ്യമാകാത്തത് കൊണ്ട് അഞ്ചാറ് വർഷം കഴിഞ്ഞപ്പോൾ വാടിക്കൊഴിഞ്ഞു പോയി. അന്ന് താമര വിരിയിച്ചെടുത്ത രാജഗോപാൽജി സദാനേരവുമിപ്പോൾ രാമ,രാമ...ജപിച്ച് നടപ്പാണ്.
അതുകൊണ്ട് യോഗിജിയുടെ മുന്നറിയിപ്പ് ഒരു മുന്നറിയിപ്പ് തന്നെയാണ്. വാഷിംഗ്ടണിലെ കപ്പലണ്ടി മുക്കിൽ ജോർജ് അഞ്ചാമന്റെ ചായക്കടയിൽ നിന്ന് പരിപ്പുവടയും കട്ടൻ ചായയും കുടിച്ചുവെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് സത്യമാണെന്ന് നമ്മൾ ഉറപ്പായും വിശ്വസിക്കേണ്ടതുണ്ട്. ഉത്തർപ്രദേശത്ത് നിന്ന് യോഗിജി ആദിത്യനാഥ് ജി കേരളത്തെപ്പറ്റി വിലയിരുത്തുന്നതും അതുപോലെ തന്നെ സത്യമായിരിക്കും. കാരണം ഉള്ളംകൈ പോലെ സുപരിചിതമാണ് യോഗിജിക്ക് കേരളം. കുറച്ചുകാലം മുമ്പ് ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് യോഗിജി ഇവിടെ വന്ന് മഹാ അലവലാതികളായ കേരളീയരെ ഉപദേശിച്ച് നോക്കിയതാണ്. നിങ്ങൾ ഉത്തരപ്രദേശത്തെ കണ്ട് പഠിക്കൂ എന്നാണ് യോഗിജി അന്ന് പറഞ്ഞത്. അന്നതാരും കാര്യമാക്കിയില്ല. യോഗിജിക്ക് പുല്ലുവില കല്പിച്ചത് കൊണ്ടാണത്. യോഗിജിയുടെ യഥാർത്ഥമൂല്യം തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ അന്നത് എല്ലാവരും കാര്യമായെടുത്തേനെ. എന്നിട്ട് യു.പി മോഡലാവാൻ കൊണ്ടുപിടിച്ച് ശ്രമിച്ചേനെ. അത് കണ്ട് വി.മുരളീധർജിയും കേസുരേന്ദ്രൻജിയും മനസ് നിറഞ്ഞ് ചിരിച്ചേനെ. ഒന്നും സംഭവിച്ചില്ല.
ഉത്തരപ്രദേശത്ത് മാത്രം ഇരുന്ന് കേരളത്തെപ്പറ്റി വിലയിരുത്താൻ മാത്രമുള്ള സാഹസം കാട്ടിയ യോഗിജി ശരിക്കും പറഞ്ഞാൽ നമ്മുടെ ന.മോ.ജിക്കാണ് ഭീഷണിയാവാൻ പോകുന്നത്. യോഗിജിയുടെ നിലവാരം വെറും യു.പി മുഖ്യമന്ത്രി എന്നതിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ നിലവാരത്തിലേക്കാണ് ഉയർന്നിരിക്കുന്നത്.
ചൗധരി ചരൺസിംഗ് എന്ന് പേരായ ഒരു പ്രധാനമന്ത്രി നമ്മുടെ ഭാഗ്യത്താൽ പണ്ട് നമുക്കുണ്ടായിരുന്നുവല്ലോ. 1979ലാണത്. എണ്ണിപ്പറഞ്ഞ് ആറുമാസമേ അദ്ദേഹം ഇന്ത്യ ഭരിച്ചിട്ടുള്ളൂ. യോഗിജിയുടെ സ്വന്തം ഉത്തരപ്രദേശത്ത് നിന്നുള്ള നേതാവാണ്. സർവോപരി പടിഞ്ഞാറൻ യുപിയിലെ ജാട്ട് നേതാവ്. പ്രധാനമന്ത്രിയായിപ്പോയത് കൊണ്ട് അദ്ദേഹത്തോട് ആരോ കേരളത്തെപ്പറ്റി ചോദിച്ചുവത്രേ. ശ്രീലങ്കയിലെ സ്ഥലത്തിനെപ്പറ്റി ഞാനെന്ത് പറയാൻ എന്നദ്ദേഹം മറുപടി നൽകിയെന്നാണ് കഥ.
ഉത്തരപ്രദേശത്ത് നിന്ന് ഇരുന്ന് ലെൻസ് വച്ച് നോക്കിയാലും കേരളം ശ്രീലങ്കയിലെ ഏതോ ഏടാകുടം സ്ഥലമാണെന്നേ തോന്നൂ. അങ്ങനെ തോന്നിപ്പോയ ചരൺസിംഗിന് പ്രധാനമന്ത്രിയാവാമെങ്കിൽ അതിനെക്കാൾ മുന്നേ പ്രധാനമന്ത്രിയാവേണ്ട ആളാണ് യോഗിജി എന്ന കാര്യത്തിൽ ലവലേശം സംശയമില്ല!
................
മലമ്പുഴ കൂർമ്പാച്ചി മല കേറിയ ബാബുവാണ് ഇപ്പോൾ പത്രക്കാരായ പത്രക്കാർക്കും ചാനലുകാരായ ചാനലുകാർക്കുമെല്ലാം വേണ്ടപ്പെട്ട താരം. റഷ്യ- യുക്രൈൻ തർക്കത്തിൽ ബാബുവിന്റെ അഭിപ്രായമെന്താണ്, ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതിനെപ്പറ്റി ബാബു എന്തുപറയുന്നു എന്ന മട്ടിൽ ചോദ്യങ്ങളെല്ലാം ബാബുവിനോടാണ് ! ബാബു ഇപ്പോൾ കൂർമ്പാച്ചി മലയിലേ കേറിയിട്ടുള്ളൂ. ഇനി ഏതെല്ലാം മലകൾ കേറാനിരിക്കുന്നു. ബാബു മലകയറ്റം അവസാനിപ്പിച്ചിട്ടില്ലെന്നാണ് പറയുന്നത്. ഒന്നുകിൽ ബാബു മലകയറ്റം നിറുത്തുക. അല്ലെങ്കിൽ മാദ്ധ്യമങ്ങൾ ബാബു കയറ്റം അവസാനിപ്പിക്കുക. ഇതൊരു അപേക്ഷയായി കണക്കിലെടുക്കാൻ അഭ്യർത്ഥന !
.................
കുതിരയെ വണ്ടിക്ക് പിറകിൽ കെട്ടിയിട്ട് വല്ല കാര്യവുമുണ്ടോ എന്ന് ചോദിച്ചത് നമ്മുടെ കാനം സഖാവാണ്. കുരയ്ക്കുകയും കടിക്കുകയും ചെയ്തുകൊണ്ടിരുന്ന ലോകായുക്തയുടെ പല്ലെല്ലാം കൊഴിച്ച് കുരയ്ക്കുന്ന പരുവത്തിൽ മാത്രമാക്കി നിറുത്തിയത് ശരിയായില്ലെന്ന് പറയാൻ കാനം സഖാവ് നിർബന്ധിതനായതായിരുന്നു. പാർട്ടി സമ്മേളനങ്ങൾ വന്നുകഴിഞ്ഞാൽ കാനം സഖാവിന്റെ അവസ്ഥ അങ്ങനെയാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ഏത് കാനവും നരഭോജിയാകും.
പക്ഷേ, കാനം പറഞ്ഞത് അല്പം വൈകിപ്പോയി. അപ്പോഴേക്കും ലോകായുക്ത എത്തേണ്ടിടത്ത് എത്തിക്കഴിഞ്ഞിരുന്നു. വണ്ടി ഇനി ഓടാനില്ല. അപ്പോൾ കുതിരയെ വേണമെങ്കിൽ അതിന് പിറകിൽ കെട്ടിയിടാം. കുതിര അവിടെയിരുന്ന് പുല്ലോ മറ്റെന്തെങ്കിലുമോ തിന്നട്ടെ. എങ്കിലും, സമ്മേളനങ്ങൾ തീരുന്നത് വരെയെങ്കിലും കാനം സഖാവിന് ഇങ്ങനെ പലതും പറയേണ്ടിവരും. അതിജീവനം സാദ്ധ്യമാകുന്നത് അങ്ങനെയൊക്കെയാണല്ലോ. ലോകായുക്തയോടുള്ള വല്ലാത്ത പ്രേമമാണ് ഇതെന്ന് ആരും ധരിക്കാൻ വരട്ടെ!
ഇ-മെയിൽ: dronar.keralakaumudi@gmail.com