photo

തിരുവനന്തപുരം പേരൂർക്കട അമ്പലമുക്കിലെ അലങ്കാരച്ചെടി വില്പനകേന്ദ്രത്തിലെ ജീവനക്കാരി വിനീതമോളെ പട്ടാപ്പകൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സമർത്ഥമായ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയുണ്ടായി. നഗരം ഞായറാഴ്ച ലോക്ക്‌ഡൗണിൽ ഏതാണ്ട് നിശ്ചലമായിരുന്നപ്പോഴാണ് അരുംകൊല നടന്നത്. ചെടി വാങ്ങാനെന്ന മട്ടിൽ കടന്നുചെന്ന ഘാതകൻ യുവതി അണിഞ്ഞിരുന്ന മാലയും ഒപ്പം തന്നെ അവരുടെ ജീവനും തട്ടിയെടുത്താണ് സ്ഥലംവിട്ടത്. ദൃക‌്‌സാക്ഷികളാരുമില്ലാത്ത കേസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഏറെ വെല്ലുവിളികൾ ഉയർത്തിയെങ്കിലും ലഭ്യമായ തുമ്പിനു പിറകേപോയി പ്രതിയെ പിടികൂടുകതന്നെ ചെയ്തു. കേരള പൊലീസിന്റെ അന്വേഷണ പാടവം ഒരിക്കൽക്കൂടി വെളിപ്പെട്ട കേസാണിത്. അറസ്റ്റിലായ പ്രതി ചില്ലറക്കാരനല്ലെന്നും തമിഴ്‌നാട്ടിൽ നാല് കൊലക്കേസുകളിൽ ഉൾപ്പെട്ട കൊടും ക്രിമിനലാണെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജാമ്യത്തിലിറങ്ങി സുരക്ഷിതനായി തിരുവനന്തപുരത്ത് കഴിയുകയായിരുന്നു. യുവതിയെ കൊന്ന് ആരുടെയും കണ്ണിൽപ്പെടാതെ മാലയുമായി സ്ഥലംവിട്ട പ്രതി രാജേന്ദ്രനെ നാഗർകോവിലിലെ കാവൽകിണറിലെ ലോഡ്‌ജിൽ നിന്നാണു പൊലീസ് പിടികൂടിയത്.

നട്ടുച്ചയ്ക്കു നടന്ന കൊലപാതകമായിട്ടും ഒറ്റ സാക്ഷിപോലുമില്ലാതിരുന്നത് ലോക്ക‌്‌ഡൗണിനു സമാനമായ കൊവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടായിരുന്നതു കൊണ്ടാണ്. കൊല നടന്ന ചെടിവില്പനകേന്ദ്രത്തിനു തൊട്ടടുത്തുള്ള ചായക്കടയിലെ ജീവനക്കാരൻ കൂടിയാണ് പ്രതി. പുറത്തുനിന്നുള്ള ഒരാളെ ജോലിക്കു നിയോഗിക്കുന്നതിനു മുമ്പ് അയാളുടെ വ്യക്തിഗത വിവരങ്ങൾ വാങ്ങി സൂക്ഷിക്കണമെന്ന നിബന്ധന പാലിക്കപ്പെട്ടിരുന്നില്ല. നഗരത്തിലെ ചെറുതും വലുതുമായ കടകളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ അനേകം പേർ ജോലിയെടുക്കുന്നുണ്ടാകും. ഇതുപോലുള്ള കുറ്റകൃത്യങ്ങൾ നടക്കുമ്പോഴാകും അന്വേഷണവും വിവരം തേടലുമൊക്കെ. തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്ത ഒരാളെയും ജോലിക്കു വയ്ക്കരുതെന്ന നിബന്ധന കർശനമായി പാലിക്കപ്പെടണം.

ചെടിക്കടയിൽ കൊല നടത്തി പ്രതി ഓട്ടോയിലും തുടർന്ന് യാത്രക്കാരന്റെ ടൂവീലറിലും കയറിയാണ് രക്ഷപ്പെട്ടത്. ഇവരിരുവരും നൽകിയ വിവരങ്ങളാണ് പ്രതിയിലെത്താൻ പൊലീസിനെ സഹായിച്ചത്. ഈ ഭാഗങ്ങളിലുള്ള സി.സി. ടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും ഏറെ സഹായകമായി. സാധാരണഗതിയിൽ നഗരത്തിലെ കാമറകൾ പലതും പ്രവർത്തിക്കാത്തവയാണ്. ഏതായാലും ഈ കേസിൽ പ്രതിയെ കണ്ടെത്താനും അയാൾ തന്നെയെന്ന് ഉറപ്പുവരുത്താനും കാമറ ദൃശ്യങ്ങൾ ഉപകരിച്ചു.

തമിഴ്‌‌നാട്ടിൽ നാലു കൊലപാതക കേസുകളിൽ പ്രതിയായിരുന്നിട്ടും അവിടെനിന്ന് എങ്ങനെ സുരക്ഷിതനായി കേരളത്തിലേക്കു കടക്കാനായി എന്നത് അതിശയം തന്നെയാണ്. സ്ഥലത്തെ ഗുണ്ടാപ്പട്ടികയിലും അയാളുടെ പേരുണ്ട്. ഇത്തരം ക്രിമിനലുകളുടെ വിചാരണ വേഗം പൂർത്തിയാക്കി ജയിലിലടയ്ക്കാൻ വൈകുന്നതാണ് സമൂഹത്തിനു പേടിസ്വപ്നമായി മാറാൻ കാരണം. കോടതി തീർപ്പ് നീണ്ടുപോകുന്തോറും സമൂഹത്തിൽ അവർ സൃഷ്ടിക്കുന്ന അതിക്രമങ്ങൾ വളരെ വലുതായിരിക്കും. കന്യാകുമാരി ജില്ലയിലെ ആരുവാമൊഴിയിൽ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലെ പ്രതിയാണത്രേ രാജേന്ദ്രൻ. എന്നിട്ടും എങ്ങനെയാണ് ഇയാൾ നിയമത്തിന്റെ പിടിയിൽ പെടാതെ പുറത്ത് വിലസി നടന്നതെന്നത് അജ്ഞാതമാണ്.

ഏതായാലും രക്ഷപ്പെടാനാകാത്തവിധം പ്രതി രാജേന്ദ്രനെ പൂട്ടാനുള്ള വഴിയാണ് പൊലീസ് ഇനി നോക്കേണ്ടത്. നടപടികളൊക്കെ വേഗം പൂർത്തിയാക്കി പ്രതിയെ നീതിപീഠത്തിനു മുമ്പിൽ എത്തിക്കണം. സമർത്ഥരായ അഭിഭാഷകരെ വച്ച് കേസ് നടത്തുകയും വേണം. അർഹമായ ശിക്ഷയും വാങ്ങിക്കൊടുക്കണം. കോടതിയിൽ തെളിവുകൾക്കാണു പ്രാധാന്യമെന്ന കാര്യം മറക്കരുത്. ദൃക്‌സാക്ഷികളാരുമില്ലാത്തത് പ്രതിക്ക് അനുകൂലമാകാതിരിക്കാൻ പ്രത്യേക കരുതൽ വേണം. ഇതുപോലുള്ള കൊടും കുറ്റവാളികളുടെ സ്ഥാനം ഇരുമ്പഴികൾക്കുള്ളിലാണെന്ന് ഉറപ്പാക്കേണ്ടത് സമൂഹതാത്‌പര്യത്തിന് അനിവാര്യമാണ്.