
ചൈനയിലും റഷ്യയിലും മറ്റും പോയി മെഡിക്കൽ പഠനം നടത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുള്ള സംസ്ഥാനമാണ് കേരളം. നമ്മുടെ സംസ്ഥാനത്ത് സ്വാശ്രയ സീറ്റിൽ മെഡിക്കൽ പഠനം പൂർത്തിയാക്കുന്നതിന്റെ പകുതി ചെലവിൽ വിദേശത്ത് പഠനം പൂർത്തിയാക്കാം. ഇതാണ് കടമെടുത്തും മക്കളെ വിദേശത്ത് അയച്ച് പഠിപ്പിച്ച് ഡോക്ടർമാരാക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത്. പിന്നീട് ഇന്ത്യൻ മെഡിക്കൽ കൗൺസിലിലെ പൊതുപരീക്ഷ പാസായാൽ ഇവർക്ക് ഇന്ത്യയിൽ അംഗീകാരം ലഭിക്കും. ഇതായിരുന്നു നിലനിന്നിരുന്ന രീതി. എന്നാൽ കൊവിഡിന്റെ അപ്രതീക്ഷിത കടന്നുവരവും തുടർ വ്യാപനവും ഇത്തരത്തിൽ വിദേശത്ത് പോയി പഠിച്ചിരുന്ന വിദ്യാർത്ഥികളെ ഒന്നാകെ വെട്ടിലാക്കി. ചൈനയിൽ പഠിച്ചിരുന്ന എല്ലാ ഇന്ത്യൻ വിദ്യാർത്ഥികൾക്കും തിരികെ പോരേണ്ടിവന്നു. ചൈനയിലേക്ക് തിരികെ പോകുന്നതിന് നിരോധനവും വന്നു. അപ്പോൾ ഓൺലൈൻ പഠനം നടത്താതെ മറ്റ് മാർഗമില്ലാതായി. ഇത്തരം ഘട്ടങ്ങളിൽ മാതൃരാജ്യങ്ങൾ ഈ വിദ്യാർത്ഥികളുടെ ഭാവിയെ കരുതി അനുഭാവപൂർണമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഉത്തരേന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം കുറവായതിനാൽ ഡൽഹിയിൽ ഇരിക്കുന്നവർ ഇതൊരു പ്രധാന പ്രശ്നമായി കണക്കിലെടുക്കാൻ സാദ്ധ്യത കുറവാണെന്നാണ് ഇതുവരെയുള്ള അനുഭവങ്ങൾ പഠിപ്പിക്കുന്നത്. കൊവിഡ് മൂലം ചൈന വിസ നൽകാത്തതിനാൽ ഇന്ത്യയിൽ പ്രാക്ടിക്കൽ പരിശീലനത്തിന് സൗകര്യം തേടി വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ഇതിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വളരെ നിർണായകമാകും. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കൂടുതൽ എന്നതിനാൽ കേരള സർക്കാരും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തേണ്ടതാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയം മാറ്റിവച്ച് കേരളത്തിൽ നിന്നുള്ള എം.പിമാരും കേരളീയനായ കേന്ദ്ര സഹമന്ത്രിയും മറ്റും ഒറ്റക്കെട്ടായി ഇടപെടേണ്ടതാണ്. വിദ്യാർത്ഥികൾക്ക് രണ്ടുവർഷമായി ഓൺലൈൻ ക്ളാസ് നടക്കുകയാണ്. എന്നാൽ ഇതിനിടെ എം.ബി.ബി.എസ് ഓൺലൈൻ ക്ളാസിന് അംഗീകാരമില്ലെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ സെക്രട്ടറി സർക്കുലർ ഇറക്കിയത് വിദ്യാർത്ഥികളുടെ ചിന്താക്കുഴപ്പം ഇരട്ടിപ്പിക്കാൻ ഇടയാക്കി.
വിദേശമന്ത്രാലയം വഴി ചൈനയുമായി ചർച്ച നടത്തി യാത്രാതടസം നീക്കുക, ചൈനീസ് സർവകലാശാലയിൽ നിന്ന് അനുമതി വാങ്ങി പ്രാക്ടിക്കൽ, ഇന്റേൺഷിപ്പ് എന്നിവയ്ക്ക് ഇന്ത്യയിൽ അവസരമൊരുക്കുക എന്നീ ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ മുന്നോട്ടുവയ്ക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവി പരിഗണിക്കപ്പെടണമെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചിട്ടുണ്ട്. ഓൺലൈൻ കോഴ്സുകളെ അംഗീകരിക്കില്ലെന്ന സർക്കുലർ ഇപ്പോൾ പഠനം നടത്തുന്നവരെ ബാധിക്കില്ലെന്ന് മെഡിക്കൽ കമ്മിഷൻ ഉറപ്പ് നൽകിയതായാണ് വിദ്യാർത്ഥികൾ പറയുന്നത്. എന്നാൽ ഇക്കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. വിദ്യാർത്ഥികളുടെ കുറ്റം കൊണ്ടല്ല കൊവിഡ് വരികയും തടസങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തത്. അതിനാൽ അനുഭാവപൂർവമായ തീരുമാനം കേന്ദ്ര സർക്കാരിൽ നിന്ന് ന്യായമായും ഉണ്ടാകേണ്ടതാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെയും വിദേശ മന്ത്രാലയത്തിന്റെയും ശക്തമായ ഇടപെടലുകൾ ഉണ്ടായാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതിരിക്കില്ല. അതിനുള്ള നീക്കങ്ങൾ സത്വരമായി നടത്താനുള്ള ഇടപെടലുകൾ വേഗത്തിൽ ഉണ്ടാകേണ്ടതാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഒരു കാരണവശാലും ഇരുട്ടിലാകാൻ ഇടവരരുത്.