
വർക്കല: വർക്കല പുന്നമൂട് മാർക്കറ്റ് ഹൈടെക് ആക്കുമെന്ന നഗരസഭാ ഭരണസമിതികളുടെ പ്രഖ്യാപനങ്ങൾ ഫലം കാണുന്നില്ല.
നഗരസഭവക പുന്നമൂട് മത്സ്യച്ചന്തയുടെ ഇടതുഭാഗത്തെ ഷെഡ് ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലായിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്ന് പരാതി. മീൻ വില്കാനും വാങ്ങാനുമെത്തുന്ന നൂറുകണക്കിന് പൊതുജനങ്ങളും തിങ്ങിനിറയുന്നത് ഈ ഭാഗത്താണ്. ഷെഡ് ഇളകി വീണാൽ ജീവഹാനി പോലും സംഭവിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ചന്തയുടെ പ്രധാന കെട്ടിടത്തോടു ചേർന്ന് ഇടതു ഭാഗത്താണ് ഏതാനും തൂണുകളിൽ ഷീറ്റ് മേൽക്കൂര പാകിയിട്ടുള്ളത്. സാമാന്യം നീളവും വീതിയുമുള്ള മേൽക്കൂരയുടെ ഇരുമ്പ് തൂണുകളെല്ലാം ദ്രവിച്ചു നിൽക്കുകയാണ്. ഒരു തൂണിന്റെ അടിഭാഗം തകർന്നു ഇളകി മാറിയിട്ടുണ്ട്. തകരഷീറ്റാണ് ഇവിടെ പാകിയിട്ടുള്ളത്.
കാലപ്പഴക്കത്താൽ ഷീറ്റിന്റെ പലഭാഗങ്ങളും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. ചന്തയുടെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂരയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഫൈബർ ഷീറ്റാണ് ഇവിടെ ഇട്ടിരിക്കുന്നത്. ഇതും പലഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. 2001ലാണ് പുന്നമൂട് മാർക്കറ്റും ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കുന്നതിനായി ശിലാസ്ഥാപനം നടത്തിയത്. 2004ൽ മന്ത്രിയായിരുന്ന ചെർക്കുളം അബ്ദുള്ളയാണ് ഉദ്ഘാടനം നിർവഹിച്ചത്.
സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിന് ഒപ്പം പ്രവർത്തനം തുടങ്ങിയ ചന്തയിൽ കാലാകാലങ്ങളായി നവീകരണ പ്രവർത്തനം നടന്നിട്ടില്ല. പ്രധാന പ്രശ്നം ശുചിത്വമില്ലായ്മയാണ്. മലിനജലം കെട്ടി നിൽക്കുന്നത് മത്സ്യ വിൽപ്പനയ്ക്കു എത്തുന്നവർക്കും വാങ്ങാനെത്തുന്നവരും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. സാംക്രമികരോഗ സാദ്ധ്യതയും കൂടുതലാണ്. ഇതിനാൽ ചന്തയിലെത്തുന്നവരുടെ എണ്ണത്തിലും അടുത്തകാലത്ത് കുറവ് പ്രകടമായിട്ടുണ്ട്. നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി നഗരസഭയുടെ ആലോചനയിലുണ്ടെങ്കിലും ഒന്നുപോലും നടപ്പായിട്ടില്ല.
‘ഹൈടെക് മാർക്കറ്റ് ‘ എന്ന പേരിൽ നവീകരണ പരിപാടി വാർഷിക ബഡ്ജറ്റുകളിൽ കാലാകാലങ്ങളിൽ അവതരിപ്പിച്ചിട്ടും ലക്ഷ്യം കാണാതെ പോവുകയാണ്. പദ്ധതിയുടെ നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന മറുപടിയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. 4 കോടിയോളം രൂപയുടെ കിഫ്ബി പദ്ധതിയാണ് മാർക്കറ്റിന്റെ നവീകരണത്തിന് വിനിയോഗിക്കുന്നതെന്നും പറയപ്പെടുന്നു. തകർച്ച നേരിടുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് തൂണുകൾ അടക്കം നീക്കംചെയ്തു പുതിയ കെട്ടിടമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതെന്നും നഗരസഭ അധികൃതർ പറയുന്നു. പുന്നമൂട് മാർക്കറ്റിൽ എത്തുന്നവരുടെയും വില്പനയ്ക്കായി ഇരിക്കുന്നവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് മാറിമാറിവരുന്ന നഗരസഭാ ഭരണസമിതികൾ വരുത്തുന്നതെന്നും ആക്ഷേപമുണ്ട്.നഗരസഭയുടെ പ്രധാന വരുമാന മാർഗവും വർക്കലയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ ചന്തയാണ് പുന്നമൂട്. പ്രതിവർഷം 20 ലക്ഷം രൂപയ്ക്കു മുകളിലാണ് ലേലം പോകുന്നത്.