p

തിരുവനന്തപുരം: വീട്ടുകാരും സ്നേഹിതരും പ്രിയപ്പെട്ട എഴുത്തുകാരൻ പെരുമ്പടവം ശ്രീധരന്റെ ശതാഭിഷേകം തമലത്തെ വീട്ടിൽ സ്നേഹത്തിന്റെ ഉത്സവമാക്കി. രാവിലെ ആറു മണിക്ക് പിറന്നാൾ ആശംസയറിയിച്ച് ആദ്യമെത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോൺകോൾ. പിന്നാലെ മന്ത്രി എം.വി ഗോവിന്ദനും ശശിതരൂർ എം.പിയും വിളിച്ചു.

തുടർന്നും ആശംസകളുടെ പ്രവാഹമായിരുന്നു. എല്ലാവർക്കും നന്ദി പറഞ്ഞു. അതിഥികൾ എത്തിയതോടെ എഴുത്തുമുറിയിൽ ഇരിപ്പുറപ്പിച്ചു. സന്തോഷം പങ്കുവയ്ക്കവേ പെരുമ്പടവം പറഞ്ഞു 'കാലം കലണ്ടർ മറിക്കുന്നതിന് ഞാനെന്തുചെയ്യാൻ...'

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സാന്നിദ്ധ്യത്തിലാണ് പിറന്നാൾ കേക്ക് മുറിച്ചത്. മുറ്റത്ത് ലളിതമായ ആശംസാ ചടങ്ങ് സ്‌നേഹിതർ സംഘടിപ്പിച്ചു. മലയാള ഭാഷ ശ്രേഷ്‌ഠ ഭാഷയാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളിൽ പെരുമ്പടവം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വേദനിക്കുന്നവരുടെ എഴുത്തുകാരനാണ് പെരുമ്പടവമെന്നും ഇനിയും മികച്ച രചനകൾ ഉണ്ടാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മന്ത്രി വി.ശിവൻകുട്ടിയും ആശംസ നേരാൻ വീട്ടിലെത്തി.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ എത്തിയ നേരത്താണ്

അയൽക്കാരനും പെരുമ്പടവത്തിന്റെ ആരാധകനുമായ പാർത്ഥൻ ഒരു പടല പാളയംകോടൻ പഴവുമായി വന്നത്. പെരുമ്പടവം പഴം മുറിച്ച് സുരേന്ദ്രന് നൽകി. ഗൗരവമുള്ള സാഹിത്യത്തെ ജനകീയമാക്കിയ എഴുത്തുകാരനാണ് പെരുമ്പടവമെന്ന് സുരേന്ദ്രൻ പറഞ്ഞു.

സ്‌നേഹിതരുടെ സംഘം പുത്തൻ മുണ്ടുകളും പുസ്‌തകങ്ങളുമായാണ് എത്തിയത്. ലക്ഷക്കണക്കിന് വായനക്കാരുടെ മനസുതൊട്ട 'ഒരു സങ്കീർത്തനം പോലെ' നൂറ്റിയിരുപത്തി രണ്ടാം പതിപ്പിലെത്തിയതിന്റെ സന്തോഷം പെരുമ്പടവം പങ്കിട്ടു. ദസ്തേയോവിസ്‌കി മനസിൽ കുടിയേറിയതുപോലെ മഹാകവി കുമാരനാശാനാണ് ഇപ്പോൾ നോവലിസ്റ്റിന്റെ മനസിൽ. കുമാരനാശാനെ കുറിച്ച് 'അവനിവാഴ്വ് കിനാവ്' എന്നപേരിലുള്ള ബൃഹത് നോവൽ പൂർത്തിയാക്കി തിരുത്തലുകളിൽ മുഴുകിയിരിക്കുകയാണ് പെരുമ്പടവം.

അതിഥികളെ സ്വീകരിക്കാനും മധുരം നൽകാനും മകൾ അല്ലി ടൈറ്റസ്, മകൻ ശ്രീകുമാർ പെരുമ്പടവം, മരുമകൻ ടൈറ്റസ് എബ്രഹാം, ചെറുമക്കളായ അഭിലാഷ് ടൈറ്റസ്,സന്ദീപ്, മുഖ്യസംഘാടകനും കേരളകൗമുദി ന്യൂസ് എഡിറ്ററുമായ ഡോ.ഇന്ദ്രബാബു എന്നിവർ മുൻപന്തിയിലുണ്ടായിരുന്നു. അടുപ്പക്കാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ആഘോഷത്തിന് സമ്മതം മൂളിയതെന്ന് മകൾ അല്ലി പറഞ്ഞു. ഉച്ചയ്‌ക്ക് ബന്ധുക്കൾക്കും അടുപ്പക്കാർക്കുമൊപ്പം അടപ്രഥമൻ കൂട്ടിയായിരുന്നു സദ്യ.

യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, വി.എസ്.ശിവകുമാർ,പാലോട് രവി, ലതികാ സുഭാഷ്, വി.ആർ പ്രതാപൻ,വിനോദ് സെൻ,ചെമ്പഴന്തി അനിൽ, വീണ എസ്.നായർ, ബൈജു ചന്ദ്രൻ, കെ.എ. ബീന, മാല പാർവ്വതി തുടങ്ങിയവരും ആശംസകളുമായെത്തി. പെരുമ്പടവം ദീർഘകാലം പ്രസിഡന്റായിരുന്ന തമലം യുവജന സമാജം ഗ്രന്ഥശാല ഭാരവാഹികൾ പൊന്നാടയണിയിച്ചു.