വർക്കല: ഇടവ ഗവൺമെന്റ് മുസ്ലിം യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഭയമില്ലാതെ പഠിക്കുന്നതിനുള്ള സൗകര്യം ഒരുങ്ങി.100 വർഷം പഴക്കമുള്ള സ്കൂളിൽ തകർച്ചാഭീഷണിയിലായ മേൽക്കൂരയ്ക്ക് താഴെയാണ് പ്രീപ്രൈമറി ക്ലാസുകളിലുൾപ്പെടെയുള്ള വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. സ്കൂളിലെ പ്രധാന കെട്ടിടം ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലായിരുന്നു.അഡ്വ.വി.ജോയി എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് 2020 ജനുവരിയിലാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ സർക്കാർ ഭരണാനുമതി നൽകിയത്.നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി നിർവഹിച്ചു.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഇടവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്, ജില്ലാപ്പഞ്ചായത്തംഗം ഗീതാ നസീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്.കുമാർ,വർക്കല ബ്ലോക്ക് പഞ്ചായത്തംഗം സുനിത എസ്.ബാബു, പഞ്ചായത്തംഗങ്ങളായ ഹർഷാദ് സാബു,സതീശൻ,സ്കൂൾ പ്രഥമാദ്ധ്യാപകൻ ഡി.സതീശൻ,എസ്.എം.സി ചെയർമാൻ ആർ.ആസാദ്,എം.പി.ടി.എ പ്രസിഡന്റ് സിന്ധു,എ.ഇ.ഒ ആർ.ബിന്ദു,ബി.പി.സി ദിനിൽ എന്നിവർ സംബന്ധിച്ചു.