
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി പൊതുപരീക്ഷയ്‌ക്കുള്ള 10, 12 ക്ലാസുകളിലെ റിവിഷൻ ഭാഗങ്ങൾ പ്രത്യേക ഓഡിയോ ബുക്കുകളായി പുറത്തിറക്കി. മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്‌തു. പത്തിലെ മുഴുവൻ വിഷയങ്ങളുടെയും റിവിഷൻ ക്ലാസുകൾ പത്ത് മണിക്കൂറിനുള്ളിൽ കേൾക്കാവുന്ന ഓഡിയോ ബുക്കുകൾ firstbell.kite.kerala.gov.in ൽ ലഭ്യമാണ്. ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പ്ലസ് ടു ക്ലാസുകളുടെ ഓഡിയോ ബുക്കുകൾ 21 മുതൽ പോർട്ടലിൽ ലഭിക്കും. ക്യു.ആ കോഡ് വഴിയും അല്ലാതെയും ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിലെ ബ്രോഡ്ബാൻഡ് വഴിയും ബുക്കുകൾ ഡൗൺലോഡ് ചെയ്യാമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. സോഷ്യൽ മീഡിയ വഴിയും മറ്റും കുട്ടികൾക്ക് ഷെയർ ചെയ്യാനുള്ള സൗകര്യവുമുണ്ട്.