photo

അഖിലേന്ത്യാ സിവിൽ സർവീസിൽ ആറ് തവണ ഇന്റർവ്യൂവിൽ പങ്കെടുത്ത് ഉയർന്ന മാർക്ക് നേടിയ അഞ്‌ജലി ഭാവന (Administrative Assistant, High Court of Kerala) - 2020ലെ കെ.എ.എസ് പരീക്ഷയിൽ ഇന്റർവ്യൂവിൽ ഒന്നാംറാങ്കിനടുത്ത് മാർക്ക് നേടിയെങ്കിലും (50ൽ 33 മാർക്ക്; 35 ആണ് ഒന്നാം റാങ്ക്) - സപ്ളിമെന്ററി ലിസ്റ്റിൽ 15-ാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. ആർ.ടി.ഐ പ്രകാരം കഴിഞ്ഞ ദിവസം കിട്ടിയ ഉത്തരക്കടലാസിന്റെ കോപ്പി പരിശോധിച്ച മൂന്നുനാല് പ്രൊഫസർമാരുടെ കമന്റാണ് - ശീർഷകം. അവർ 70 മാർക്കിന്റെ വ്യത്യാസം കാണുന്നു. അ‌ഞ്ജലി ബഹുഭൂരിപക്ഷം ചോദ്യങ്ങൾക്കും പരമാവധി ഉത്തരങ്ങൾ നൽകിയിരിക്കുന്നു. പരിമിതമായ ഇടത്തിൽ അക്ഷരം - വ്യാകരണം - വാക്യഘടന ഇവയിലൊന്നും ഒരു പിശകുമില്ലാതെ എഴുതിയിരിക്കുന്നു. എന്നാൽ മൂന്ന്, അഞ്ച് മാർക്കുള്ള മിക്ക ചോദ്യങ്ങൾക്കും പൂജ്യം, കാൽ, അര, മുക്കാൽ, ഒന്ന്, ഒന്നേകാൽ, ഒന്നര എന്നിങ്ങനെയാണ് മാർക്കിട്ടിരിക്കുന്നത്. കമ്പ്യൂട്ടറിൽ സംഭവിച്ച പിഴവാകാം. ജോലിചെയ്യുന്ന ഹൈക്കോടതി വഴി തന്നെ - പുനർമൂല്യനിർണയത്തിന് - മെയിൻ ലിസ്റ്റിലെ മറ്റ് മൂന്ന് ഉത്തരക്കടലാസുകൾ താരതമ്യം ചെയ്ത് മാർക്കിടാൻ അപേക്ഷിച്ച് പി.എസ്.സി, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകി.

എല്ലാ ക്ളാസിലും എല്ലാ വിഷയത്തിനും എ പ്ളസ് ആയി പഠിച്ചുവന്ന അഞ്‌ജലി ഏറ്റവും കൂടുതൽ തവണ കേരളത്തിൽ നിന്ന് അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയുടെ ഇന്റർവ്യൂ ലെവലിൽ എത്തിയ ആളാണ് - ആറ് തവണ. മൂന്ന്- നാല് തവണയിൽ കൂടുതൽ ഇന്റർവ്യൂ ലെവലിൽ എത്തിയവർ കേരളത്തിൽ ഇല്ലത്രേ; കഴിഞ്ഞ തവണ ഒരു മാർക്കിന്റെ വ്യത്യാസത്തിലും മറ്റ് രണ്ട് തവണ അഞ്ചുമാർക്കിന്റെ വ്യത്യാസത്തിലും നിയമനം നഷ്ടമായി. ഇപ്പോൾ ഏഴാം തവണ സിവിൽ സർവീസ് ഫൈനൽ എഴുതിയിരിക്കയാണ്.

ഡോ. പി.പി. സൗഹൃദൻ (വാങ്‌മയി)

ഡോ. ടി. ഭാവന

[മാതാപിതാക്കൾ‌]

വിമുക്തഭടന്മാർക്ക് നീതിയില്ല

ഉരുൾപൊട്ടൽ, മുൻ വർഷങ്ങളിലെ പ്രളയങ്ങൾ എന്നീ ദുരന്തങ്ങളിലെല്ലാം സൈനികരുടെ നിശ്ചയദാർഢ്യവും അസാമാന്യ കഴിവുകളും കേരളീയർ ദർശിച്ചതാണ്.

വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ ഡെങ്കിപ്പനി പടർന്നപ്പോൾ നഗരമാലിന്യങ്ങളിൽ മരുന്ന് തളിക്കാൻ വരെ കേരളമാശ്രയിച്ചത് സൈനികരെയാണ്. റാന്നിയിൽ ഉൾപ്പെടെ പലയിടങ്ങളിലും ബെയ്ലി പാലങ്ങൾ നിർമ്മിക്കാനും സൈനികരോടിയെത്തി.

ദുരന്തമുഖങ്ങളിലെ പ്രവർത്തനങ്ങൾക്ക് കേരളം ഒറ്റക്കെട്ടായി സൈനികരെ വന്ദിക്കുന്നു, നന്ദി പറയുന്നു. അവരുടെ സേവനങ്ങളെ വാനോളം പുകഴ്‌ത്തുന്നു. എന്നാൽ പിന്നീട് അവരെ സൗകര്യപൂർവം മറക്കുന്നു. സേനകളിലെ സേവനത്തിനുശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തിയ നാലുലക്ഷത്തോളം വിമുക്തഭടന്മാർ കേരളത്തിലുണ്ട്. ഇവർക്ക് നീതി ലഭിക്കുന്നുണ്ടോ?

വിമുക്തഭട പുനർനിയമനത്തിൽ വളരെ പിന്നിലായ കേരളത്തിൽ പുനരധിവാസത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. വിമുക്തഭടന്മാർ എന്നാൽ സെക്യൂരിറ്റി ജോലി എന്നു മാത്രമാണ് പലരും കരുതുന്നത്. സേനകളിലുള്ളവരിൽ ഭൂരിപക്ഷവും നല്ല വിദ്യാഭ്യാസം ലഭിച്ചവരാണ്. അതനുസരിച്ചുള്ള പരിഗണന അവർക്ക് നൽകണം.

എം.കെ. ശശിധരൻനായർ

റിട്ട. ജില്ലാ സൈനിക ക്ഷേമ ഓഫീസർ

ബസ് സർവീസ് പുനഃസ്ഥാപിക്കണം

തിരുവനന്തപുരം സെൻട്രൽ, പൂവാർ, വിഴിഞ്ഞം, കാട്ടാക്കട, നെയ്യാറ്റിൻകര, പാപ്പനംകോട് എന്നീ ഡിപ്പോകളിൽനിന്നും പനയറക്കുന്ന് വഴി നിരവധി ബസ് സർവീസുകൾ ഉണ്ടായിരുന്നതാണ്. ക്രമേണ ഇവയിൽ പലതും നിറുത്തലാക്കി. അവസാനം പൂവാർ ഡിപ്പോയിൽ നിന്നുള്ള പനയറക്കുന്ന് - തിരുവനന്തപുരം സർവീസും തിരികെയുള്ള സർവീസുകളും റദ്ദാക്കപ്പെട്ടു. ഇപ്പോൾ യാത്രാക്ളേശം വളരെ രൂക്ഷമാണ്. ആയതിനാൽ ഈ പ്രദേശത്തെ യാത്രാക്ളേശം പരിഹരിക്കുന്നതിനുവേണ്ടി കോട്ടുകാൽക്കോണം - പനയറക്കുന്ന് വഴി ഓപ്പറേറ്റ് ചെയ്തിരുന്ന എല്ലാ സർവീസുകളും പുനഃസ്ഥാപിക്കാൻ വേണ്ട സത്വരനടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

ആർ. ബാഹുലേയൻ

കോട്ടുകാൽക്കോണം.