kerala-crime-branch

 അനാവശ്യമെന്ന് ആക്ഷേപം

തിരുവനന്തപുരം: സി.ബി.ഐ, എൻ.ഐ.എ, വിജിലൻസ് മാതൃകയിൽ നിയമോപദേശക തസ്തികകൾ സൃഷ്ടിക്കാനായി സംസ്ഥാന ക്രൈംബ്രാഞ്ചിൽ പൊലീസുദ്യോഗസ്ഥരുടെ 11 തസ്തികകൾ നിറുത്തലാക്കുന്നു.

രണ്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, നാല് സീനിയർ സിവിൽ പൊലീസ് ഓഫീസർ, അഞ്ച് സിവിൽ പൊലീസ് ഓഫീസർ തസ്തികകളാണ് നിറുത്തുന്നത്. പകരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഒരു ഡെപ്യൂട്ടി ലീഗൽ അഡ്വൈസർ, തിരുവനന്തപുരം, എറണാകളം, കോഴിക്കോട് റേഞ്ചുകളിലെ ഐ.ജി.പി ക്രൈംബ്രാഞ്ച് ഓഫീസുകളിൽ ഓരോ അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ തസ്തികകളാണ് ആഭ്യന്തരവകുപ്പ് സൃഷ്ടിച്ചത്.

ക്രൈംബ്രാഞ്ച് കൈകാര്യം ചെയ്യുന്ന പോക്സോ അടക്കമുള്ള കേസുകളിൽ പലതിലും മതിയായ നിയമപരിശോധന ലഭിക്കാതെ പ്രാഥമിക ഘട്ടത്തിൽ തന്നെ കൈവിട്ടുപോകുന്നത് വിലയിരുത്തിയാണ് സംസ്ഥാന പൊലീസ് മേധാവി ഇത്തരമൊരു ശുപാർശ സർക്കാരിന് സമർപ്പിച്ചത്.

എന്നാൽ, നിയമപരിശോധനയ്ക്ക് 14 ജില്ലകളിലും ജില്ലാ പ്ലീഡർമാരും അവർക്ക് കീഴിൽ അഡിഷണൽ പ്ലീഡർമാരും ജില്ലാ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരും ഉണ്ടെന്നിരിക്കെ, പൊലീസുദ്യോഗസ്ഥരുടെ തസ്തിക ഇല്ലാതാക്കി നിയമോപദേശക തസ്തിക സൃഷ്ടിക്കുന്നത് അനാവശ്യമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഹൈക്കോടതിയിലുമുണ്ട് 137 സീനിയർ ഗവ. പ്ലീഡർമാർ.

ഡെപ്യൂട്ടി, അസിസ്റ്റന്റ് ലീഗൽ അഡ്വൈസർമാരുടെ യോഗ്യതാ മാനദണ്ഡങ്ങളും വിമർശനമുയർത്തുന്നു. ഡെപ്യൂട്ടി തസ്തികയിലേക്ക് എൽ.എൽ.ബിയും ക്രിമിനൽ കോടതിയിലെ അഭിഭാഷകവൃത്തിയിൽ ഏഴ് വർഷ പരിചയവുമാണ് മിനിമം യോഗ്യത. അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ തസ്തികയ്ക്ക് എൽ.എൽ.ബിയും ക്രിമിനൽ കോടതിയിലെ അഭിഭാഷകവൃത്തിയിൽ അഞ്ച് വർഷത്തെ പരിചയവും വേണം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ സഹായിച്ചുള്ള പ്രവൃത്തിപരിചയം അധികയോഗ്യതയാണ്. രണ്ട് തസ്തികയിലേക്കും പി.എസ്.സി മുഖേനയോ, നിയമ സെക്രട്ടേറിയറ്റിൽ നിന്നോ കേന്ദ്ര സർവീസിൽ നിന്നോ ഡെപ്യൂട്ടേഷൻ വഴിയോ നിയമനം നടത്തും.

നിയമ സെക്രട്ടേറിയറ്റിലാണെങ്കിൽ 50 ശതമാനം പേരെ പി.എസ്.സി വഴിയും 50 ശതമാനം പേരെ ടൈപ്പിസ്റ്റ്, പ്യൂൺ, സമാന തസ്തികകളിൽ നിന്നു സ്ഥാനക്കയറ്റം വഴിയുമാണ് നിയമിച്ചുവരുന്നത്. പി.എസ്.സി വഴി നിയമിക്കപ്പെടേണ്ട 50 ശതമാനം പേർക്കും വേണ്ട യോഗ്യത അഭിഭാഷകരായി എൻറോൾ ചെയ്തിരിക്കണം എന്നതു മാത്രമാണ്. ബാർ പ്രാക്ടീസ് ആവശ്യമില്ല.

ക്രൈംബ്രാഞ്ചിലെ പുതിയ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വഴി നിയമിതരാകുന്നവർക്ക് അഭിഭാഷക പരിചയമില്ലാത്തതിനാൽ ക്രിമിനൽ കേസുകളിൽ മതിയായ സൂക്ഷ്മപരിശോധന നടത്തുന്നതിലും മറ്റും പ്രായോഗികബുദ്ധിമുട്ട് നേരിടാം. ഈ സാഹചര്യത്തിൽ ലീഗൽ അഡ്വൈസർ തസ്തിക സൃഷ്ടിക്കുന്നതിന്റെ ലക്ഷ്യം തന്നെ ഇല്ലാതാകുമെന്ന് നിയമമേഖലയിലുള്ളവർ പറയുന്നു.