ആറ്റിങ്ങൽ: വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് കൺസ്ട്രക്ഷൻ കമ്പനി പണം തട്ടിയെടുത്തതായി പരാതി. വെള്ളൂർക്കോണം എക്‌സ്‌മസ് കോട്ടേജിൽ സാറാമ്മ നൽകിയ പരാതിയിൽ ആറ്റിങ്ങൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വാടകയ്‌ക്ക് താമസിക്കുകയായിരുന്ന സാറാമ്മയും കുടുംബവും വീടുവയ്ക്കാനായി കൺസ്ട്രക്ഷൻ കമ്പനി ഉടമയുമായി 2021 ജനുവരിയിൽ കരാർ ഒപ്പിട്ടു. 1376 സ്‌ക്വയർ ഫീറ്റ് കെട്ടിടത്തിന് 31.​50ലക്ഷം രൂപ എസ്റ്റിമേറ്റ് തയ്യാറാക്കി. 30 ലക്ഷം രൂപ കൈപ്പറ്റിയിട്ടും പണി പകുതി പോലുമായില്ലെന്നും 14 ലക്ഷം രൂപ കൂടി നൽകണമെന്നാണ് ഉടമയുടെ ആവശ്യമെന്നും ഇവർ ആരോപിച്ചു.
പണം നൽകാത്തതിനെതിരെ കൺസ്ട്രക്ഷൻ കമ്പനി ഉടമ തോമസ് ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് ഉടമ നടത്തിയതെന്നാണ് സാറാമ്മയുടെ പരാതിയിൽ പറയുന്നത്.