
പാലോട്: മലയോര ഗ്രാമമായ പാലോട്ട് ഇന്നുമുണ്ട്, കൊട്ടിയമ്പലങ്ങൾക്ക് മുന്നിൽ കെട്ടിയിട്ട മണികെട്ടിയ കാളയും പയ്യും കിടാങ്ങളും. കൊയ്ത്തു കഴിഞ്ഞ പാടത്ത് കൊറ്റിയും കാക്കയും കരിയിലക്കിളിയും കറ്റയിൽ നിന്നും പൊഴിഞ്ഞ നെന്മണി കൊത്തുന്ന കാഴ്ചകളും. സമ്പന്നമായ ഒരു ഭൂതകാലത്തിന്റെ അടയാളപ്പെടുത്തലാണ് പാലോട്ടുകാർക്ക് കാർഷിക വൃത്തി. നെൽകൃഷി വ്യാപകമായിരുന്ന കാലത്ത് നിലമുഴാൻ ഇണക്കമുള്ള ഉരുക്കളെ വാങ്ങാനും വില്ക്കാനും വേണ്ടി തുടക്കം കുറിച്ച കന്നുകാലിച്ചന്ത അഞ്ചര പതിറ്റാണ്ട് പിന്നിടുമ്പോഴും ഒരിക്കൽ പോലും മുടങ്ങാതെ മുന്നേറുന്നതിനു പിന്നിലെ പ്രചോദനവും ദേശ സംസ്കൃതിയുടെ ഈ മഹത്വം തന്നെ. 1963 ഫെബ്രുവരി 7ന് പെരിങ്ങമ്മല ഏലയിലാണ് ആദ്യ കാളച്ചന്ത അരങ്ങേറിയത്. പത്തേക്കറോളം നെൽകൃഷി നടത്തിയിരുന്ന കർഷക മുഖ്യൻ വേലംവെട്ടി ജനാർദ്ദനൻ പിള്ളയുടെ നേതൃത്വത്തിൽ കൈപ്പറ്റ വാസുപിള്ള, ഗോവിന്ദൻകുട്ടി നായർ, കുളങ്ങര വാസുപിള്ള, ചെല്ലപ്പൻപിള്ള, റേഷൻകട മാധവൻ പിള്ള, രാമയ്യാപിള്ള, എം.എ. റഹിം, എം. ശിവ താണുപിള്ള തുടങ്ങിയ കർഷകരാണ് ആദ്യ കാലത്ത് കാളച്ചന്തയ്ക്ക് ചുക്കാൻ പിടിച്ചത്. കർഷകൻ തന്റെ കൃഷിയിടത്തിൽ വിളയുന്ന ഒരുല്പന്നം ചന്തയിൽ കൊണ്ടുവരും. ആവശ്യക്കാർ അവ പരസ്പരം വച്ച് മാറും. നിലമുഴാനും മരമടിക്കാനും ലക്ഷണമൊത്ത ഉരുക്കൾ തേടി പാണ്ടിനാട്ടിൽ നിന്നും കൊല്ലത്ത് നിന്നും ധാരാളം പേരാണ് ചന്തയിലെത്തിയിരുന്നത്. മകരത്തിൽ കൊയ്തൊഴിഞ്ഞ പാടശേഖരമായിരുന്നു ചന്തയ്ക്ക് വേദിയായിരുന്നത്. കലാമേളയും വിനോദ സഞ്ചാര വാരാഘോഷവും വന്നതോടെ ചന്തയുടെ പേര് മേളയെന്നായി പരിണമിച്ചു. ക്ഷീരകർഷകർക്ക് നല്ലയിനം പോത്തുക്കുട്ടികളെ വാങ്ങാൻ ജില്ലയിൽ അവശേഷിക്കുന്ന ഏക കാളച്ചന്തയാണ് പാലോട്ടേത്. കുടിമാടുകൾ, പാണ്ടിമാടുകൾ, കിഴക്കൻ മാടുകൾ, തെലുങ്കാന പോത്തുകൾ, ബെല്ലാരി പോത്തുകുട്ടികൾ, ജെല്ലിക്കെട്ട് കാളകൾ, ഹരിയാന പോത്തുകൾ മുതലായവ ഇക്കുറി വില്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവാണ് മേള സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരി. കൊവിഡിന്റെ ആകുലതകൾക്ക് നടുവിലും മികച്ച പ്രതികരണമാണ് കാളച്ചന്തയ്ക്ക് ലഭിക്കുന്നതെന്ന് ഭാരവാഹികളായ എം. ഷിറാസ്ഖാൻ, ഇ ജോൺകുട്ടി, വി.എസ്. പ്രമോദ് എന്നിവർ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് മേള പ്രവർത്തനം. വിത്തും വിളകളും ഒരുക്കി മാതൃകാ കർഷകരും മേളയെ സമ്പന്നമാക്കുന്നുണ്ട്.