
തിരുവനന്തപുരം: മലയാളിയായ എസ്.സോമനാഥ് ചെയർമാനായതിന് ശേഷമുള്ള ഐ.എസ്.ആർ.ഒയുടെ ആദ്യ ഉപഗ്രഹവിക്ഷേപണം നാളെ. കൊവിഡിൽ സ്തംഭിച്ചിരുന്ന വിക്ഷേപണങ്ങൾ പൂർണ്ണതോതിൽ പുന:രാരംഭിക്കുകയാണ്. നാളെ രാവിലെ 5.59ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിൽ നിന്ന് പി.എസ്.എൽ.വി.സി.52റോക്കറ്റിൽ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.04 ആണ് വിക്ഷേപിക്കുക. ഒപ്പം തിരുവനന്തപുരം ഐ.ഐ.എസ്.ടി.യിലെ വിദ്യാർത്ഥികളുടെ ഇൻസ്പെയർ സാറ്റ് 1, ഇന്ത്യയുടേയും ഭൂട്ടാന്റേയും സംയുക്തസംരംഭമായ 17.5കിലോഗ്രാം ഭാരവും ആറുമാസം കാലാവധിയുമുള്ള ഐ.എൻ.എസ്.2ബി. എന്നീ ചെറു ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഇതിന്റെ 25.30 മണിക്കൂർ കൗണ്ട് ഡൗൺ ഇന്ന് പുലർച്ചെ 4.29ന് തുടങ്ങി.
സോമനാഥിന്റെ സാരഥ്യത്തിൽ ഇൗ വർഷം 19വിക്ഷേപണങ്ങളാണ് നടത്തുക. എട്ടെണ്ണം റോക്കറ്റുകളുടേയും ഏഴെണ്ണം ഉപഗ്രഹങ്ങളുടേയും നാലെണ്ണം സാങ്കേതികപരീക്ഷണ വിക്ഷേപണങ്ങളുമാണ്. ഏറെ വാണിജ്യപ്രതീക്ഷയുള്ള കുഞ്ഞൻ റോക്കറ്റായ എസ്.എസ്.എൽ.വിയുടെ ( സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ) ആദ്യ ദൗത്യം ഏപ്രിലിൽ ഇ.ഒ.എസ്.02ഉപഗ്രഹവിക്ഷേപണത്തോടെ തുടങ്ങും. ഒാഷൻസാറ്റ് മാർച്ചിലും ഗഗൻയാൻ ആദ്യ ആകാശപരീക്ഷണം ആഗസ്റ്റിലും നടത്തും.ഇ.ഒ.എസ്.6,ചന്ദ്രയാൻ3,ആദിത്യ എൽ1തുടങ്ങിയ വിക്ഷേപണങ്ങളും പട്ടികയിലുണ്ട്.
2007ൽ വിക്ഷേപിച്ച 3025കിലോഭാരമുള്ള വിവരവിനിമയ ഉപഗ്രഹമായ ഇൻസാറ്റ് 4 ബി വിജയകരമായി ഡീകമ്മിഷൻ ചെയ്തുകൊണ്ടാണ് 2022ലെ ദൗത്യങ്ങൾക്ക് തുടക്കമിട്ടത്.ഐക്യരാഷ്ട്ര സഭയുടെയും ഇന്റർ ഏജൻസി സ്‌പേസ് ഡെബ്രി കോർഡിനേഷൻ കമ്മിറ്റിയുടേയും മാനദണ്ഡങ്ങൾ പാലിച്ച് ജനുവരി 24 നായിരുന്നു ഡീകമ്മിഷൻ.
 ഇ.ഒ.എസ്.4 ഉപഗ്രഹം
ആർ.ഐ.സാറ്റ് എന്ന വിളിക്കുന്ന പരമ്പരയിലെ പുതിയ ഉപഗ്രഹമാണിത്. ഏത് കാലാവസ്ഥയിലും ഭൂമിയിലെ ചിത്രങ്ങളെടുക്കുന്ന റഡാർ ഇമേജിംഗ് ഉപഗ്രഹമാണിത്. അതിനുള്ള ഉപകരണങ്ങളാണ് 1710കിലോ ഭാരമുള്ള ഉപഗ്രഹത്തിലുള്ളത്. പത്തുവർഷമാണ് കാലാവധി.റിസോഴ്സ് സാറ്റ്, കാർട്ടോസാറ്റ്, ആർ.ഐ.സാറ്റ് 2ബി. തുടങ്ങിയ ഉപഗ്രഹങ്ങളുടേതിന് സമാനമായ ജോലി വ്യക്തതയോടെ കാലാവസ്ഥാ പ്രതിബന്ധങ്ങളില്ലാതെ നൽകും. കൃഷിഭൂമി,വനം,തോട്ടഭൂമി, മണ്ണിലെ ജലസാന്ദ്രത, പ്രളയസാധ്യത എന്നിവ കണ്ടെത്തും
 ഇൻസ്‌പെയർസാറ്റ് 1
ഭൂമിയുടെ 529കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തുന്ന ഇൻസ്പെയർസാറ്റ് 1 തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോ്ളജി (ഐ.ഐ.എസ്.ടി.)യിലെ വിദ്യാർത്ഥികളും അമേരിക്കയിലെ കൊളറാഡോയിലെ അറ്റ്മോസ്‌ഫെറിക്ക് ആൻഡ് സ്പെയ്സ് ഫിസിക്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയതാണ്. ഭൂമിക്ക് ചുറ്റുമുള്ള ആറ്റങ്ങളുടെ ചാർജ്ജുള്ള അയോണുകളുണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കാനും സൂര്യതാപം കാലാവസ്ഥയിലുണ്ടാക്കുന്ന വ്യതിയാനം മനസിലാക്കാനുമാണിത്. 8.1കിലോഗ്രാം മാത്രം ഭാരമുള്ള ഉപഗ്രഹത്തിന്റെ ആയുസ് ഒരു വർഷമാണ്. തയ്‌വാനിലെ എൻ.സി.ഒ.യൂണിവേഴ്സിറ്റിയിലേയും സിംഗപ്പൂരിലെ നാഷണൽ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലേയും വിദ്യാർത്ഥികളുടേയും സഹകരണവും ഇതിനുണ്ട്.