radhakrishnan

വിതുര: ആദിവാസി ഊരുകളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്‌ വിതുര പഞ്ചായത്തിലെ നാരകത്തിൻകാല ആദിവാസി മേഖലയിലെ വിവിധ പ്രദേശങ്ങൾ മന്ത്രി കെ. രാധാക്യഷ്ണൻ സന്ദർശിച്ചു. പ്രദേശവാസികളുടെ പരാതിയും മന്ത്രി സ്വീകരിച്ചു. ഇവരുടെ ഭൗതിക, വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ്‌ നൽകി. കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുമെന്നും, ചില വീടുകളിൽ വേണ്ടത്ര സൗകര്യം ഇല്ലാത്തത്‌ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അവ പരിഹരിക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായും മന്ത്രി പറഞ്ഞു. ഊരിലേക്ക്‌ എത്തേണ്ട റോഡ്‌ പുനർനിർമ്മിക്കുമെന്നും, പുതിയ പാലം പണിയുന്നതിന്‌ എസ്റ്റിമേറ്റ്‌ തയാറാക്കാൻ പഞ്ചായത്തിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അത്‌ തയാറാകുന്ന മുറയ്ക്ക്‌ ഫണ്ട്‌ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആദിവാസിസമൂഹത്തെ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും, ആദിവാസി പെൺകുട്ടികളുടെ ആത്മഹത്യകളെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും,​ പൊലീസ്‌, ഫോറസ്റ്റ്‌, എക്സൈസ്‌, ട്രൈബൽ ഡിപ്പാർട്ട്‌മെന്റ്‌, തദ്ദേശ സ്ഥാപനങ്ങൾ ഇവയെ ഉൾപ്പെടുത്തി കൂടുതൽ ബോധവത്കരണ പരിപാടികൾക്ക്‌ രൂപം നൽകുമെന്നും മന്ത്രി അറിയിച്ചു. ജി. സ്റ്റീഫൻ എം.എൽ.എ, വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദുലേഖ, വിതുര പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ്. ബാബുരാജ്‌, ജില്ലാ പഞ്ചായത്ത്‌ അംഗം എസ്. മിനി, മറ്റ്‌ ജനപ്രതിനിധികൾ, താലൂക്ക്‌ ഓഫീസർ, ജില്ലാ പ്രോജക്ട്‌ ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർ, സി.പി.എം വിതുര ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. എൻ. ഷൗക്കത്തലി, വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ. അനിൽ കുമാർ, മുൻ ജില്ലാപഞ്ചായത്തംഗം എസ്. സഞ്ജയൻ എന്നിവരും ആദിവാസി സംഘടനാവിഭാഗം നേതാക്കളും മന്ത്രിക്കൊപ്പം എത്തിയിരുന്നു.