
തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിൽ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി ആവശ്യപ്പെട്ടു. മുമ്പ് സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കിയാലുടൻ വാട്ടർ അതോറിട്ടിയിലും പരിഷ്‌കരിക്കുമായിരുന്നു. ജൂലായിൽവാട്ടർ അതോറിട്ടിയിലെ ശമ്പള പരിഷ്കരണ റിപ്പോർട്ട് സർക്കാരിന് കൈമാറിയെങ്കിലും മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് ധനകാര്യമന്ത്രി ഫയൽ തിരിച്ചയച്ചു.
ശമ്പള പരിഷ്കരണത്തിനുള്ള തുക വാട്ടർ അതോറിട്ടി കണ്ടെത്തണമെന്ന നിർദ്ദേശിക്കുന്ന ധനമന്ത്രി സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് വെള്ളക്കരമായി 900 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ടെന്ന കാര്യം വിസ്മരിക്കരുത്. ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള പ്രോവിഡൻസ് ഫണ്ട്, ഗ്രാറ്റുവിറ്റി, കമ്മ്യൂട്ടേഷൻസ് കുടിശിക ഇനത്തിൽ 600 കോടി രൂപ വാട്ടർ അതോറിട്ടിക്ക് ബാദ്ധ്യതയുണ്ട്. ഇത് നൽകാൻ സർക്കാർ ഇടപെടണമെന്നും തമ്പാനൂർ രവി അഭ്യർത്ഥിച്ചു.