ksrtc-swift-

തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയിലെ എം പാനലുകാ‌ർക്ക് കഴിഞ്ഞ സ‌ർക്കാരിന്റെ അവസാന കാലത്ത് നൽകിയ നിയമന വാഗ്ദാനം വെറുതേയായി. പത്ത് വർഷം സർവീസുള്ളവർക്ക് കെ.യു.ആ‌ർ.ടി.സിയിൽ സ്ഥിരം നിയമനം, അത്രയും സർവീസില്ലാത്തവർക്ക് സ്വിഫ്ടിൽ കരാർ നിയമനം - അതായിരുന്നു വാഗ്ദാനം. കെ.എസ്.ആർ.ടി.സിയിൽ സ്ഥിരം നിയമനത്തിന് നിയമ തടസമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.യു.ആർ.ടി.സിയിൽ നിയമനം നൽകുന്നത് എന്നായിരുന്നു അധികാരികളുടെ ന്യായീകരണം. ഇപ്പോൾ സ്ഥിരം നിയമനവും ഇല്ല, കരാർ നിയമനവുമില്ല. എം.പാനലുകാർക്കു വേണ്ടി ചോദിക്കാനും പറയാനും ആരുമില്ല.

എം.പാനലുകാർക്ക് കെ.യു.ആർ.ടി.സിയിൽ പുനർനിയമനം നൽകിയാലും നിയമ പ്രശ്നം ഉണ്ടാകുമെന്ന് സർക്കാരിന് ബോദ്ധ്യമായി. സ്വിഫ്ടിലെ നിയമനം കോടതിയിൽ വന്നപ്പോഴും എം.പാനലുകാരെ നിയമിക്കുന്നതിൽ നിന്ന് കെ.എസ്.ആർ.ടി.സി പിന്നാക്കം പോയി. സ്വിഫ്ടിൽ ജോലി നൽകുമ്പോൾ മുമ്പ് കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്തവർക്ക് പ്രത്യേക പരിഗണന നൽകേണ്ടെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും. അതോടെ ജോലിയിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച അയ്യായിരത്തോളം പേർ നിരാശരായി. ഇനി ജോലി കിട്ടാൻ മറ്റുള്ളവർക്കൊപ്പം മത്സരിക്കണം.

എന്നെങ്കിലും സ്ഥിരപ്പെടുത്തുമെന്ന് കാത്തിരുന്നവരാണ് എം.പാനൽ തൊഴിലാളികൾ. പത്തു വ‌ർഷത്തെ സീനിയോറിട്ടി നോക്കി തിരിച്ചെടുക്കാനുള്ള തീരുമാനം അവർക്ക് പ്രതീക്ഷ നൽകി. ഡിപ്പോ അടിസ്ഥാനത്തിൽ ലിസ്റ്റ് തയ്യാറാക്കിയപ്പോൾ ജോലി ഉറപ്പിച്ചതുമാണ്. 5000 രൂപ ഡെപ്പോസിറ്റായി നൽകിയാണ് എം.പാനലുകാർ ജോലിയിൽ പ്രവേശിച്ചത്. പക്ഷേ തൊഴിൽ ചെയ്തിന്റെ രേഖകൾ പോലും ഇപ്പോൾ മിക്ക ഡിപ്പോകളിലുമില്ല.

പ്രതീക്ഷ ഇങ്ങനെ

എം.പാനലുകരെ തിരിച്ചെടുക്കുമെന്ന് കഴിഞ്ഞ സർക്കാർ പ്രഖ്യാപനം.

 എൽ.ഡി.എഫ് പ്രകടന പത്രികയിലും ആവർത്തിച്ചു.

 മാസം 20 ഡ്യൂട്ടിയും, വർഷം 240 ഡ്യൂട്ടിയുമുള്ള, പത്തു വർഷം ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്. അതിൽ അർഹത നേടിയത് 908 പേർ.

 പരാതി ഉയർന്നപ്പോൾ മാസം 10 ഡ്യൂട്ടി,​ വർഷം 120 ഡ്യൂട്ടി എന്നാക്കി പത്തു വർഷം ജോലി ചെയ്തവരുടെ ലിസ്റ്റ് തയ്യാറാക്കി.

 അന്തിമ ലിസ്റ്റിൽ 4500 പേർ

 പുതിയ സർക്കാർ വന്നപ്പോൾ, എം.പാനലുകാരെ സ്വിഫ്ടിൽ നിയമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകി.