
തിരുവനന്തപുരം: വിനിതമോൾ കൊലക്കേസിൽ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നീക്കം. സീരിയൽ കില്ലറായ രാജേന്ദ്രന് പരമാവധി ശിക്ഷ ലഭിക്കുംവിധം തെളിവുകൾ സമാഹരിച്ച് കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേരെയുൾപ്പെടെ കവർച്ചയ്ക്കായി നാല് കൊലപാതകം ചെയ്ത രാജേന്ദ്രനെ വിചാരണ വേഗത്തിലാക്കി ജയിലിലാക്കാൻ തമിഴ്നാട് പൊലീസിന് കഴിയാതെ പോയതാണ് വിനിതയുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയത്. ഈ പിഴവ് ആവർത്തിക്കാതിരിക്കാനാണ് പൊലീസിന്റെ ശ്രമം.
ജീവപര്യന്തമോ അതിന് മുകളിലോ ശിക്ഷിക്കേണ്ട കുറ്റങ്ങളിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാതിരുന്നാൽ ലഭിക്കുന്ന സോപാധിക ജാമ്യം മുതലെടുത്താണ് രാജേന്ദ്രൻ തമഴ്നാട്ടിൽ പുറത്തിറങ്ങിയത്. അതേസമയം കൂടുതൽ പ്രതികളില്ലാത്തതും തൊണ്ടിമുതൽ കണ്ടെത്തിയതുൾപ്പെടെയുള്ള മറ്റ് അനുകൂലഘടകങ്ങളും പ്രയോജനപ്പെടുത്തി തെളിവെടുപ്പും നടപടികളും പൂർത്തിയാക്കി കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കന്റോൺമെന്റ് അസി. കമ്മിഷണർ ദിൻരാജ്, കൺട്രോൾ റൂം അസി. കമ്മിഷണർ പ്രതാപൻനായർ എന്നിവരുടെ മേൽനോട്ടത്തിൽ പേരൂർക്കട സി.ഐ സാജുവിനാണ് അന്വേഷണച്ചുമതല.
അതേസമയം രാജേന്ദ്രന് പരമാവധി ശിക്ഷ വാങ്ങി നൽകി വിനീതയോട് നീതികാട്ടണമെന്ന കുടുംബത്തിന്റെ അഭ്യർത്ഥനകൂടി മാനിച്ചാണ് അന്വേഷണം പരമാവധി വേഗത്തിൽ പൂർത്തിയാക്കാൻ പൊലീസ് തീരുമാനിച്ചത്.