sc-st

തിരുവനന്തപുരം: സംസ്ഥാനത്ത് യൂണിഫോം സേനകളിൽ പട്ടിക വർഗ-വിഭാഗങ്ങളിൽപ്പെട്ടവരുടെ പ്രാതിനിദ്ധ്യം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പൊലീസ് സേനയിൽ കഴിഞ്ഞദിവസം 123 പേരുടെ പാസിംഗ് ഔട്ട് പൂർത്തിയാക്കിയതിന് പിന്നാലെ വനം,​ എക്സൈസ് വകുപ്പിലും പ്രാതിനിദ്ധ്യം വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമാണിത്.

ഫോറസ്റ്റ് വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 500 പേരെ നിയമിക്കും. വനമേഖലകൾ ഉൾപ്പെടുന്ന ജില്ലകളിൽ വനമേഖലയിൽ രണ്ട് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന മിനിമം യോഗ്യതയുള്ളവർക്കാണ് നിയമനം. എക്സൈസിൽ സിവിൽ എക്സൈസ് ഓഫീസർ തസ്തികയിൽ 200 പേരെ നിയമിക്കാനാണ് നീക്കം. ആദിവാസികളുൾപ്പെടെ പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവർ തൊഴിലും വരുമാനവുമില്ലാതെ ചൂഷണം ചെയ്യപ്പെടുന്നത് ഒഴിവാക്കാനാണ് പ്രത്യേക കർമ്മപദ്ധതി ആവിഷ്കരിച്ചത്.

ഇതിന്റെ ഭാഗമായി പാലക്കാട്,​ മലപ്പുറം,​ വയനാട് ജില്ലകളിലെ പട്ടികവർഗവിഭാഗക്കാരിൽ നിന്ന് സ്ത്രീകളുൾപ്പെടെ പൊലീസിന്റെ ഐ.ആർ (ഇന്ത്യൻ റിസർവ്)​ ബറ്റാലിയനിലേക്ക് സ്പെഷ്യൽ റിക്രൂട്ട് ചെയ്യപ്പെട്ട 123 പേരുടെ പാസിംഗ് ഔട്ട് കഴിഞ്ഞ ദിവസം തൃശൂരിൽ നടന്നു. വനം വകുപ്പിലെ അഞ്ഞൂറോളം പേരുടെ നിയമനം മന്ത്രിസഭ അംഗീകരിച്ചതോടെ നിയമന നടപടികൾക്കായി പി.എസ്.സിക്ക് സർക്കാർ നിർദ്ദേശം നൽകി. പി.എസ്.സി പരീക്ഷ,​ അഭിമുഖം തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആറുമാസത്തിനകം നിയമനം നടത്താനാകുമെന്നാണ് കരുതുന്നത്. എക്സൈസിലേക്കുള്ള നിയമനം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. അംഗീകാരമായാൽ ഇതും നിയമന നടപടിക്കായി പി.എസ്.സിക്ക് കൈമാറും. വനത്തിലും വനമേഖലകളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാനും കുറ്റകൃത്യങ്ങൾ കുറയ്ക്കാനും ഇത് സഹായകമാകും.

ചൂഷണം ചെയ്യുന്നത്

മയക്കുമരുന്ന് മാഫിയ

ഊരുകളിലും കോളനികളിലും മദ്യം,​ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് എന്നിവയുടെ വാഹകരായും വില്പനക്കാരായും തൊഴിൽ രഹിതരായ ചെറുപ്പക്കാരെ ചൂഷണം ചെയ്യുന്നതായി വിവിധ അന്വേഷണങ്ങളിലും പഠനങ്ങളിലും കണ്ടെത്തിയിരുന്നു. തൊഴിലില്ലാത്തതിന്റെ പേരിൽ നടക്കുന്ന ചൂഷണങ്ങൾക്കിരയാകുന്നത് തടയാനും പിന്നാക്ക വിഭാഗക്കാരായ ഇവരുടെ സാമ്പത്തിക, ​സാമൂഹ്യ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഇവർക്ക് തൊഴിൽ ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്.

ആദിവാസികളുൾപ്പെടെ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമാണ് നിയമനം. പട്ടികവർഗ-വിഭാഗങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുക,​ ചൂഷണം ചെയ്യുന്നത് തടയുക,​ സ്വയം പര്യാപ്തരാക്കുക,​ കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് നടപടി. പൊലീസ് സേനയിൽ 123 പേർക്ക് നിയമനം നൽകി. വനം,​ എക്സൈസ് വകുപ്പുകളിലും ഉടൻ നിയമനം നൽകും.

-കെ.രാധാകൃഷ്ണൻ

പട്ടിക ക്ഷേമവകുപ്പ് മന്ത്രി