1

പൂവാർ: പൊഴിക്കര ബീച്ചിൽ അപകടത്തിൽപ്പെട്ടവരെ രക്ഷിച്ച് ലൈഫ് ഗാർഡുകളായ വിർജിനും ജോർജും. തമിഴ്നാട്ടിൽ നിന്ന് ബോട്ടിൽ സഞ്ചരിച്ച് പൂവാർ പൊഴിക്കര ബീച്ചിലെത്തിയ 14 സഞ്ചാരികളിൽ രണ്ടുപേരാണ് ശക്തമായ തിരയിൽ അകപ്പെട്ടത്.

തിരയിൽ മുങ്ങിത്താഴ്ന്നുപോയ ചെന്നൈ സ്വദേശികളായ ധനം (39),​ ജയലക്ഷ്‌മി ( 20 ) എന്നിവരെ അതിസാഹസികമായാണ് ലൈഫ് ഗാർഡുകൾ രക്ഷിച്ചത്. ഇന്നലെ രാവിലെ 11.30ഓടെയാണ് ഇവരുൾപ്പെട്ട സംഘം പൊഴിക്കര ബീച്ചിലെത്തുന്നത്. കടൽവെള്ളത്തിൽ കാൽ നനയ്‌ക്കുന്നതിനിടെ ശക്തമായ തിരയിൽ ഇരുവരും അകപ്പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കൂടെയുള്ളവരുടെ നിലവിളി കേട്ട് ഓടിയെത്തിയ വിർജിനും ജോർജും ഇരുവരെയും രക്ഷിച്ച് നീന്തി കരയ്ക്കെത്തിച്ചു.

ചാവക്കാട് ബോട്ട് ദുരന്തത്തിൽപ്പെട്ട മൂന്നുപേരെ രക്ഷിച്ചതിന് ഇന്ത്യൻ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചയാളാണ് ജോർജ്. ലൈഫ് ഗാർഡിനുള്ള സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചയാളാണ് വിർജിൻ.