
തിരുവനന്തപുരം:നിയമസഭാ സമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെ, ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച നിയമഭേദഗതി ഓർഡിനൻസിന് പകരമുള്ള കരട് ബിൽ ( ലോകായുക്ത നിയമ ഭേദഗതി ബിൽ 2022 ) സർക്കാർ തയാറാക്കി. ബിൽ അവതരിപ്പിച്ചാലും ഇല്ലെങ്കിലും സമ്മേളനം ലോകായുക്തയെ ചൊല്ലി പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായി.
ബഡ്ജറ്റ് അവതരണവും വോട്ട് ഓൺ അക്കൗണ്ട് പാസാക്കലുമടക്കമുള്ള അജൻഡകൾക്കായി ചേരുന്ന ഹ്രസ്വ സമ്മേളനത്തിൽ നിയമനിർമ്മാണത്തിനായി രണ്ട് ദിവസമുണ്ട്. ലോകായുക്ത ബിൽ ചർച്ച ചെയ്ത് പാസാക്കാനും രണ്ട് ദിവസമെങ്കിലും വേണം. എന്നാൽ ഓർഡിനൻസിൽ സി.പി.ഐ ഇടഞ്ഞുനിൽക്കുന്നത് മുതലെടുത്ത് ഭരണമുന്നണിയെ സഭയിൽ വെട്ടിലാക്കുകയാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയതന്ത്രം. അതിനൊപ്പം നിരാകരണ പ്രമേയവും പ്രതിപക്ഷം ആയുധമാക്കും.
നിരാകരണ പ്രമേയം
ഒരിക്കൽ നിയമസഭ ചർച്ച ചെയ്ത് തള്ളിയ വ്യവസ്ഥ ഭേദഗതിയിലൂടെ തിരികെ കയറ്റുമ്പോൾ ഭരണഘടനാപരമായി ഏതംഗത്തിനും ചോദ്യം ചെയ്യാം. ഭരണഘടനയുടെ അനുച്ഛേദം 213 (2)എ പ്രകാരം ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയത്തിന് നോട്ടീസ് നൽകുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിക്കഴിഞ്ഞു. നിരാകരണപ്രമേയം സ്പീക്കർക്ക് അനുവദിക്കാതിരിക്കാം. പ്രതിപക്ഷം ഉറച്ചുനിന്നാൽ ഭരണകക്ഷിയുടെ ഭൂരിപക്ഷം ഉപയോഗിച്ച് വോട്ടിനിട്ട് തള്ളാം.
വിയോജിപ്പിന് പ്രസക്തിയില്ലെന്ന് സി.പി. എം
1999ലെ ഇടതുസർക്കാർ കൊണ്ടുവന്ന ബില്ലിൽ ഇപ്പോൾ വരുത്തിയ മാറ്റം സംശയകരമെന്ന് വാദിച്ചാണ് സി.പി.ഐ എതിർത്തത്. സർക്കാരിന് ഭയക്കാനുള്ളതിനാലാണ് ഭേദഗതിയെന്ന പ്രതിപക്ഷവാദത്തിന് ഇത് ബലമേകി. മന്ത്രിസഭായോഗത്തിൽ സി.പി.ഐ മന്ത്രിമാരടക്കം അനുകൂലിക്കുകയും ഗവർണർ ഒപ്പിടുകയും ചെയ്തതോടെ വിയോജിപ്പിന് പ്രസക്തിയില്ലെന്ന് സി.പി.എം കരുതുന്നു. ബിൽ സഭയിൽ വരുമ്പോൾ ചർച്ച മതിയല്ലോയെന്നാണ് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്. ഓർഡിനൻസ് യാഥാർത്ഥ്യമായതോടെ നിസ്സഹായതയിലാണ് സി.പി.ഐയും.
ജലീലിന്റെ പോര് കടുത്തു
മുൻമന്ത്രി കെ.ടി. ജലീലിന്റെ അധിക്ഷേപങ്ങൾക്ക് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് മറുപടി നൽകുകയും ജലീൽ അതിരൂക്ഷമായി പ്രതികരിക്കുകയും ചെയ്തതോടെ ജലീൽ- ലോകായുക്ത വാക്പോരും മൂർദ്ധന്യത്തിലായി. അതിൽ സി.പി.എമ്മിന്റെ നിസംഗത, ജലീലിനുള്ള പരോക്ഷ പിന്തുണയാണെന്ന് ആക്ഷേപമുണ്ട്. മുഖ്യമന്ത്രിക്കെതിരായ കേസിൽ ലോകായുക്ത പറയാനിരിക്കുന്ന വിധിയും ആകാംക്ഷ ഉണർത്തുന്നു.
ലോകായുക്ത ബില്ലിന്റെ വഴികൾ
ആഭ്യന്തര-വിജിലൻസ് വകുപ്പ് തയാറാക്കിയ നോട്ടിന്റെ അടിസ്ഥാനത്തിൽ നിയമവകുപ്പ് കരട് ബിൽ തയാറാക്കി തിരിച്ച് ആഭ്യന്തരവകുപ്പിന് കൈമാറി.
ഇനി മന്ത്രിസഭ അംഗീകരിച്ച് നിയമവകുപ്പിലേക്ക് തിരിച്ചയയ്‌ക്കും.
നിയമവകുപ്പ് ബില്ലിന്റെ ഉദ്ദേശ്യ,കാരണങ്ങൾ വിവരിച്ചുള്ള പ്രസ്താവന സഹിതം മൂന്ന് പകർപ്പുകൾ നിയമസഭയ്ക്ക് കൈമാറും
നിയമസഭ അത് പ്രസിദ്ധീകരിച്ച ശേഷം കാര്യോപദേശകസമിതിക്ക് വിടും.
ബിൽ എപ്പോൾ സഭയിൽ അവതരിപ്പിക്കണമെന്ന് കാര്യോപദേശക സമിതി തീരുമാനിക്കും.
ഓർഡിനൻസ്
ആറ് മാസമാണ് ഓർഡിനൻസിന്റെ കാലാവധി. നിയമസഭ ചേരാൻ നിശ്ചയിച്ചാൽ സമ്മേളിക്കുന്ന ദിവസം തൊട്ട് 42 ദിവസം വരെയാണ് ഓർഡിനൻസ് കാലാവധി. ഇപ്പോൾ നിശ്ചയിച്ച സമ്മേളനം 17 ദിവസമുണ്ടാകും. സമ്മേളനം അവസാനിച്ചാലുടൻ എല്ലാ ഓർഡിനൻസുകളും ഒരുമിച്ച് പുനർവിളംബരം ചെയ്യുകയാണ് പതിവ്.
67ൽ നിരാകരണപ്രമേയം
1967ലെ ഇടതു സർക്കാർ വരുന്നതിന് തൊട്ടുമുമ്പ് രാഷ്ട്രപതിഭരണത്തിൽ കേന്ദ്രം കൊണ്ടുവന്ന അവശ്യസേവന പരിപാലന ഓർഡിനൻസിനെതിരെ ഭരണകക്ഷിയായ സി.പി.എമ്മിൽ നിന്ന് കെ.ആർ.ഗൗരി അമ്മ നിരാകരണപ്രമേയം കൊണ്ടുവന്നു. അത് പാസായി. ഓർഡിനൻസിനെതിരെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നിരാകരണ പ്രമേയം കൊണ്ടു വരാം. എന്നാൽ ബിൽ സഭയിലെത്തുമ്പോൾ പ്രതിപക്ഷത്തിന് മാത്രമേ നിരാകരണപ്രമേയം കൊണ്ടുവരാനാവൂ. നിരവധി അംഗങ്ങൾ പ്രമേയം കൊണ്ടുവന്നാൽ എല്ലാം ചർച്ച ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. പ്രമേയങ്ങൾ വർദ്ധിച്ചതോടെ ചർച്ചയ്ക്ക് പ്രത്യേകസമയം നീക്കിവയ്ക്കേണ്ട സ്ഥിതിയായപ്പോൾ 1987 സെപ്റ്റംബറിൽ അന്നത്തെ സ്പീക്കർ ക്രമീകരണമുണ്ടാക്കി. അതനുസരിച്ച് നറുക്കിട്ട് രണ്ട് പേർക്ക് സംസാരിക്കാമെന്നായി. അതാണിപ്പോൾ തുടരുന്നത്.