തിരുവനന്തപുരം: നാവിൽ ദേവീമന്ത്രങ്ങൾ മാത്രം, ലക്ഷ്യം ദേവീ ചൈതന്യ ദർശനവും. പൊങ്കാല മഹോത്സവം ആരംഭിച്ചശേഷം മറ്റുള്ള ദിവസങ്ങളെ അപേക്ഷിച്ച് അവധി ദിനമായ ഇന്നലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വൻ തിരക്കാണുണ്ടായത്. ഇന്നും തിരക്ക് കൂടും. തിരക്ക് നിയന്ത്രിച്ച് ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു.
കുത്തിയോട്ടത്തിനുള്ള പണ്ടാര ഓട്ടക്കാരനായ ബി. ബിനീഷിന്റെ ആദ്യനമസ്‌കാര ദിനമായിരുന്നു ഇന്നലെ. 17വരെ ക്ഷേത്രവളപ്പിൽ താമസിച്ച് വ്രതമെടുക്കുന്ന ബാലൻ 1008 നമസ്‌കാരം നേർച്ചയുടെ ഭാഗമായി നടത്തും. പൊങ്കാലയ്‌ക്കുശേഷം വൈകിട്ട് പുഷ്‌പകിരീടവും പുതുവസ്ത്രവുമണിഞ്ഞ് കുത്തിയോട്ടത്തിന് ചൂരൽകുത്തും. തുടർന്ന് പുറത്തെഴുന്നള്ളത്തിന് അകമ്പടിപോകും. മണക്കാട് ശാസ്‌താക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് പിറ്റേന്ന് രാവിലെ മടങ്ങിയെത്തിയശേഷം ചൂരൽ അഴിച്ച് വ്രതം അവസാനിപ്പിക്കും.
ഉത്സവനാളുകളിൽ മണക്കാട് ധർമ്മശാസ്‌താവിനെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ആചാരമുണ്ട്. ഇന്നലെ മണക്കാട് ശാസ്‌താക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ആറാം ദിനമായ നാളെ വൈകിട്ട് 3.30ന് ശാസ്‌താവിനെ ആറ്റുകാലിലേക്ക് എഴുന്നള്ളിക്കും.
ദരിദ്രനായിത്തീർന്ന കോവലൻ നിത്യവൃത്തിക്കായി ദേവിയുടെ കാൽച്ചിലമ്പ് വിൽക്കാൻ കൊണ്ടുപോകുന്ന കഥയാണ് തോറ്റംപാട്ടുകാർ ശനിയാഴ്ച അവതരിപ്പിച്ചത്.
ചിലമ്പുമായി പോകുന്ന കോവലനെ മധുരയിലെ സ്വർണപ്പണിക്കാരൻ, താൻ ചെയ്‌ത കുറ്റം ഒളിപ്പിക്കാൻ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചെന്നാരോപിച്ച് പാണ്ഡ്യരാജാവിന്റെ സദസിലെത്തിക്കുന്ന രംഗമാണ് ഇന്നു പാടുക. അംബ, അംബിക, അംബാലിക ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവിധ കലാപരിപാടികൾ ആസ്വദിക്കുന്നതിനും ധാരാളം പേരെത്തുന്നുണ്ട്.
നാരങ്ങാ വിളക്കിൽ
തെളിയുന്ന പ്രാർത്ഥനകൾ
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നാരങ്ങാവിളക്ക് തെളിക്കാനും തിരക്കേറുകയാണ്. ചൊവ്വ,വെള്ളി ദിവസങ്ങളിലാണ് നാരങ്ങാവിളക്ക് നേർച്ചയ്‌ക്ക് ഉത്തമമെങ്കിലും ഉത്സവ ദിവസങ്ങളേതും നല്ലതെന്ന വിശ്വാസത്തിലാണ് ഭക്തർ നാരങ്ങാവിളക്ക് തെളിക്കുന്നത്.
രാഹുദോഷശാന്തിക്കായി ദേവീക്ഷേത്രത്തിൽ സമർപ്പിക്കുന്ന വഴിപാടാണിത്. ഭക്തൻ നേരിട്ട് സമർപ്പിക്കുന്ന ഒരു ഹോമത്തിന്റെ ഫലമാണ് നാരങ്ങാവിളക്ക് തെളിക്കുന്നതിലൂടെ ലഭിക്കുന്നതെന്നാണ് വിശ്വാസം. ഉദ്ദിഷ്ട കാര്യസിദ്ധിക്കായും വിവാഹതടസം നീങ്ങുന്നതിനും നാരങ്ങാവിളക്ക് കത്തിച്ചാൽ ഫലം കിട്ടുമത്രെ.
പൊതുവെ അഞ്ച്, ഏഴ്, ഒമ്പത് എന്നീ ക്രമത്തിലാണ് നാരങ്ങാവിളക്ക് തെളിക്കുന്നത്.