
തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ അതിരൂക്ഷമായി കടന്നാക്രമിച്ച് വീണ്ടും മുൻമന്ത്രി കെ.ടി. ജലീൽ.
എല്ല് കടിക്കുന്ന പട്ടിയുടെ അടുത്തുചെന്നാൽ ആ എല്ല് തട്ടിപ്പറിക്കാനാണെന്നേ പട്ടിക്ക് തോന്നൂവെന്നും പട്ടി എല്ലിൻകഷണവുമായി ഗുസ്തി പിടിക്കട്ടെയെന്നും കഴിഞ്ഞ ദിവസം ലോകായുക്ത ജലീലിന്റെ വിമർശനങ്ങളെ പരിഹസിച്ചിരുന്നു. ഇതിന് ഇന്നലെ ഫേസ്ബുകിൽ മറുപടി പറഞ്ഞ ജലീൽ, പന്നിക്ക് എല്ലിൻ കഷണങ്ങളോടല്ല, മനുഷ്യവിസർജ്യത്തോടാണല്ലോ പണ്ടേക്കുപണ്ടേ പഥ്യമെന്ന് തിരിച്ചടിച്ചു. കാട്ടുപന്നികൾക്ക് ശുപാർശ മാത്രമാണ് ശരണമെന്നും പരിഹസിച്ചു.
ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്
പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം; പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താല്പര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യം. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവയ്ക്കെപ്പോഴും ഇഷ്ടം.
അദ്ധ്വാനിച്ച് തിന്നുന്ന ഏർപ്പാട് മുമ്പേ പന്നികൾക്ക് ഇല്ല. മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി. കാട്ടുപന്നികൾക്ക് ശുപാർശ മാത്രമാണ് ശരണം. പന്നി ബന്ധുക്കളും തഥൈവ. മുംബയിലെ ആന്ധ്രക്കാരൻ കർഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോത്സാഹിയായ പാവം കർഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു. കൊളീജിയം കർഷകർ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാകുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുൻകരുതൽ എടുത്തില്ലെങ്കിൽ ആന്ധ്ര കർഷകന്റെ ഗതി വരും. ജാഗ്രതൈ.