തിരുവനന്തപുരം: നീണ്ട ഇടവേളയ്‌ക്കുശേഷം ഇന്നലെ ജില്ലയെ കുളിരണിയിച്ച് ശക്തമായ മഴ പെയ്‌തു. ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച മഴ രാത്രിയോടെയാണ് പൂർണമായും ശമിച്ചത്. ആദ്യത്തെ പത്ത് മിനിട്ടിൽ ചാറ്റൽ മഴ മാത്രമായിരുന്നെങ്കിലും വൈകാതെ ശക്തി പ്രാപിക്കുകയായിരുന്നു.
ഒരു മണിക്കൂറോളം ശക്തമായ മഴ തുടർന്നു. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കിഴക്കൻ തരംഗത്തിന്റെ സ്വാധീനത്തിൽ കൂടുതൽ ഈർപ്പം കലർന്ന മേഘങ്ങൾ കേരളത്തിന് അഭിമുഖമായി സഞ്ചരിക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്താലാണ് ഇപ്പോൾ മഴ ലഭിക്കുന്നത്. മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. കാൽനട യാത്രക്കാരെയും ഇരുചക്രവാഹന യാത്രികരെയും മഴ വലച്ചു.
പേട്ട, ചാക്ക, ഊറ്റുകുഴി ജംഗ്ഷൻ,തമ്പാനൂർ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നഗരത്തിലെ ചില പുരയിടങ്ങളിലും വെള്ളം കയറി. മഴയോടൊപ്പം വീശിയ കാറ്റിൽ പലയിടങ്ങളിലും മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞുവീണു. നഗരത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. വരും ദിവസങ്ങളിൽ ജില്ലയിൽ ഇടത്തരം മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. കേരളതീരത്ത് കാറ്റിന്റെ ശക്തി വർദ്ധിക്കുന്നുണ്ടെങ്കിലും മത്സ്യബന്ധനത്തിന് തടസമില്ല.
ഇന്നലെ മഴ ലഭിച്ചത്
തിരുവനന്തപുരം വിമാനത്താവളം - 39.5 മില്ലി മീറ്റർ
പെരുംങ്കടവിള - 31.5 മില്ലി മീറ്റർ
തിരുവനന്തപുരം നഗരം - 11മില്ലി മീറ്റർ
നെയ്യാറ്റിൻകര - 9 മില്ലി മീറ്റർ