തിരുവനന്തപുരം:ഇ-ഫയലിംഗ് സംവിധാനത്തിലെ അപാകതകൾ പരിഹരിക്കാതെ ധൃതഗതിയിൽ സംസ്ഥാനത്ത് ഈ സംവിധാനം നടപ്പിലാക്കുന്നത് ദൗർഭാഗ്യകരമാണെന്ന് തിരുവനന്തപുരം ബാർ അസോസിയേഷൻ ആരോപിച്ചു.യാതൊരു വിധമായ മുന്നൊരുക്കങ്ങളും കൂടാതെ പൂർണമായി സജ്ജമാകാത്ത ഇ-ഫയലിംഗ് സോഫ്റ്റ്‌വെയർ അഭിഭാഷകർക്കും കോടതി സ്റ്റാഫുകൾക്കും പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
അഭിഭാഷകർക്കും കേസ് നടത്തുന്ന കക്ഷികൾക്കും യാതൊരു വിധത്തിലും സഹായകരമല്ലാത്ത ഇ-ഫയലിംഗ് നടപടി നിറുത്തലാക്കണം.നൂതനമായ സംവിധാനങ്ങളെയെന്നും തിരുവനന്തപുരം ബാർ അസോസിയേഷൻ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്.എന്നാൽ അഭിഭാഷകരുടെ സമയം വളരെയധികം നഷ്ടപ്പെടുത്തുന്ന രീതിയിലാണ് ഇ-ഫയലിംഗ് സൈറ്റിന്റെ പ്രവർത്തനമെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് ആനയറ ഷാജി പറഞ്ഞു.അഭിഭാഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് തിരുവനന്തപുരം ബാർ അസോസിയേഷൻ കടക്കുമെന്നും,അതിന്റെ മുന്നോടിയായി നാളെ തിരുവനന്തപുരം ബാറിലേയും ജില്ലയിലെ മറ്റ് കോടതി സെന്ററുകളിലെ ബാറുകളിലേയും അഭിഭാഷകർ കരിദിനമായി ആചരിക്കുമെന്നും തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് ആനയറ ഷാജിയും സെക്രട്ടറി പ്രിജിസ് ഫസിലും അറിയിച്ചു.