
മലയിൻകീഴ്: ബുള്ളറ്റ് ബൈക്കും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് ഊരൂട്ടമ്പലം നീറമൺകുഴി മണി മന്ദിരത്തിൽ മണികണ്ഠന്റെ മകൻ പ്രശാന്ത് (30) മരിച്ചു. ഇന്നലെ വൈകിട്ട് 5.30ന് ബാലരാമപുരം-കാട്ടാക്കട റോഡിൽ തൂങ്ങാംപാറയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായിരുന്നു പ്രശാന്ത്. ഊരൂട്ടമ്പലത്തു നിന്ന് കാട്ടാക്കട ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിർദിശയിൽ വന്ന ബൊലേറോ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അംബൂരി കണ്ടം തിട്ട സ്വദേശിയുടേതാണ് ബൊലേറോ. നാട്ടുകാരും മാറനല്ലൂർ പൊലീസും ചേർന്ന് പ്രശാന്തിനെ മെഡി. കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 7.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. മ്യതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ് : പ്രസന്ന. സഹോദരങ്ങൾ : പ്രയാഗ്, പ്രശോഭ്. മാറനല്ലൂർ പൊലീസ് കേസെടുത്തു.