school

തിരുവനന്തപുരം: ഇരുപത്തിരണ്ട് മാസങ്ങൾക്കുശേഷം സ്കൂളുകൾ വീണ്ടും മുഴുവൻ സമയ പ്രവർത്തനത്തിലേക്ക് കടക്കുന്നതിനു പുറമേ, ശനിയാഴ്ചകളും പ്രവൃത്തിദിനമാക്കി. എല്ലാ ക്ളാസുകാർക്കും വാർഷിക പരീക്ഷയും നടത്തും. ഈ മാസം 21 മുതലാണ് ഒന്നു മുതൽ 12 വരെ ക്ളാസുകളും മുഴുവൻ സമയം പ്രവർത്തിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇന്നു മുതൽ ഒരാഴ്ചത്തേയ്ക്ക് 9 വരെയുള്ള ക്ളാസുകൾ ബാച്ചുതിരിച്ച് ഉച്ചവരെ പ്രവർത്തിക്കും.

21 മുതൽ സ്‌കൂൾ സമയം രാവിലെ മുതൽ വൈകിട്ട് വരെ സാധാരണ നിലയിലുളള ടൈംടേബിൾ അനുസരിച്ച് ക്രമീകരിക്കണം. നിലവിൽ 10,11,12 ക്ളാസുകൾ മുഴുവൻ സമയം പ്രവർത്തിക്കുന്നുണ്ട്.

പാഠഭാഗങ്ങൾ തീർക്കേണ്ടതിനാലാണ് മാർച്ചുവരെ പൊതു അവധിയൊഴിച്ചുള്ള ശനികൾ പ്രവർത്തിദിനമാക്കിയത്.

ഒന്നു മുതൽ 9 വരെ ക്ലാസുകളിൽ വാർഷിക പരീക്ഷ ഉണ്ടായിരിക്കും.എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാർച്ച് 16നുതന്നെ ആരംഭിക്കും.

പ്രീപ്രൈമറിയും തുറക്കാം

ക്രഷ്, കിന്റർഗാർട്ടൻ എന്നിവയും തുറക്കുന്നതിനാൽ പ്രീപ്രൈമറി ക്ലാസുകൾ ഇന്നു മുതൽ പ്രവർത്തിക്കാം. തിങ്കൾ മുതൽ വെള്ളി വരെ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ക്ലാസുകൾ എടുക്കാം. കേന്ദ്രീയ വിദ്യാലയങ്ങൾ അടക്കം എല്ലാ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണെന്നും മന്ത്രി അറിയിച്ചു.

ഹാജർ നിർബന്ധം

 കുട്ടികളുടെ ഹാജർ നിർബന്ധമാക്കും

 എസ്.എസ്.എൽ.സി, പ്ളസ് ടു ക്ളാസുകളിൽ പൂർത്തിയാക്കിയ പാഠഭാഗങ്ങളെ കുറിച്ച് അദ്ധ്യാപകർ റിപ്പോർട്ട് നൽകണം.

 പി.ടി.എ യോഗം ചേരണം.യൂണിഫോം ഇടുന്നത് ഉചിതം

 ഓൺലൈൻ ക്ലാസുകൾ ആവശ്യാനുസരണം തുടരും. എസ്.സി.ഇ.ആർ.ടി യും ഡയറ്റുകളും പിന്തുണ നൽകും.