
തിരുവനന്തപുരം: കൊവിഡിൽ ദുരിതത്തിലായ കലാകാരന്മാരെ സഹായിക്കാനായി സംഗീത ആൽബമൊരുക്കി പേട്ട മൂന്നാംമനയ്‌ക്കൽ കിഴക്കേക്കാട്ടിൽ വീട്ടിൽ മിനി രാജൻ. 40 കലാകാരന്മാരെ ഉൾപ്പെടുത്തി മിനിരാജൻ ഒരുക്കിയ ഭക്തിഗാന ആൽബമാണ് 'ദേവീതിലകം'. തന്റെ ഗുരുതുല്യനായ ജയരാജിന്റെ വിഷമങ്ങളാണ് പൊതുപ്രവർത്തക കൂടിയായ മിനിയെ ഇത്തരമൊരു ആശയത്തിലെത്തിച്ചത്. വെൺപാലവട്ടം ഭഗവതിയെ സ്‌തുതിച്ചുകൊണ്ടുള്ള വരികളൊരുക്കിയത് അദ്ധ്യാപികയായ പ്രിയാകാരണവരാണ്. സംഗീതം: സി. ജയരാജ്. ഓർക്കസ്ട്രയ്‌ക്ക് നേതൃത്വം നൽകിയത് തങ്കരാജ്. ഉത്തൃട്ടാതി പ്രൊഡക്ഷൻസിന്റെ ബാനറിൽ മിനിരാജൻ തന്നെയാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. മധുബാലകൃഷ്‌ണൻ, ശ്രീകാന്ത്, ലക്ഷ്‌മി രംഗൻ, രാഹുൽ ലക്ഷ്‌മൺ, സജിൻ ജയരാജ്, മിനിരാജൻ തുടങ്ങി നിരവധിപേർ പാടിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ രൂക്ഷമായ 2021 ഫെബ്രുവരിയിലാണ് ആൽബത്തിന്റെ നിർമ്മാണം ആരംഭിച്ചത്. തിരുവനന്തപുരത്തെയും എറണാകുളത്തെയും സ്റ്റുഡിയോയിലായിരുന്നു ഗാനങ്ങൾ റെക്കാഡ് ചെയ്‌തത്. കഴിഞ്ഞ ഡിസംബർ 12ന് വെൺപാലവട്ടം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഡോ. ബിജുരമേശ് സി.ഡി പ്രകാശനം ചെയ്തു.