arsttilaya-prathikal

കല്ലമ്പലം: നാവായിക്കുളം നക്രാംകോണത്ത് മാരകായുധങ്ങളുമായി സംശയാസ്പദമായ സാഹചര്യത്തിൽ ഓട്ടോറിക്ഷയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, ചോദ്യം ചെയ്ത യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ 5 പേർ പിടിയിൽ. നെയ്യാറ്റിൻകര ചെങ്കൽ, പോരന്നൂർ കൊച്ചുഭ​ഗവതി ക്ഷേത്രത്തിന് സമീപം ഊരാളിവിളാകത്ത് പുത്തൻവീട്ടിൽ അഭിജിത്ത് (25), നാവായിക്കുളം വെട്ടിയറ സ്കൂളിന് സമീപം മേലേകൈപ്പടവീട്ടിൽ പ്രശോഭൻ (43), കരവാരം ഹൈസ്കൂളിന് സമീപം സുനിതാ മന്ദിരത്തിൽ ശ്രീരാജ് (പൗരൻ - 24), ഒറ്റൂർ മുള്ളറംകോട് തമ്പുരാൻ നടയ്ക്ക് സമീപം പാലവിളവീട്ടിൽ നിന്ന് കരവാരം പന്തുവിള തൃക്കോവിൽ ക്ഷേത്രത്തിന് സമീപം സജിൻ നിവാസിൽ സജിൻ പ്രദീപ് (ശംഭു 33), അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരക സ്കൂളിന് പുറകുവശം ഏറത്ത് പടിഞ്ഞാറ് വീട്ടിൽ വിജിൻ (22) എന്നിവരാണ് കല്ലമ്പലം പൊലീസിന്റെ പിടിയിലായത്.

സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ 11ന് രാവിലെ 3ഓടെ കല്ലമ്പലം നക്രാംകോണത്ത് ഓട്ടോറിക്ഷയിൽ സംശയകരമായി സാഹചര്യത്തിൽ മാരകായുധങ്ങളുമായി ശ്രീരാജ്, സജിൻ എന്നിവരെ നാട്ടുകാർ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് പ്രതികൾ ഉടൻ തന്നെ കൂട്ടുപ്രതികളെ വിളിച്ചുവരുത്തുകയും നാട്ടുകാരുമായി വഴക്കുണ്ടാക്കുകയും ചെയ്തു. തുടർന്ന് നക്രാംകോണം ഷിറാഷ് മൻസിലിൽ ഷിഹാനിനെ (27) പ്രതികൾ കൊല്ലണമെന്ന ഉദ്ദേശത്തോടെ കത്തികൊണ്ട് കുത്തി മാരകമായി പരിക്കേൽപിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ ഈ സമയം ഇവിടെ എത്തിയത് ​കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് കച്ചവടത്തിനാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവർ ഉപയോ​ഗിച്ചിരുന്ന ആയുധങ്ങൾ ഓൺലൈൻ വഴി വാങ്ങിയതാണെന്നും പ്രതികളുടെ ഫോൺ രേഖകളും പണം കൈമാറ്റ രേഖകളും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

മയക്ക് മരുന്നും ​കഞ്ചാവും ആവശ്യക്കാർക്ക് വിറ്റ പണം ഉപയോ​ഗിച്ച് ആഡംബര ജീവിതം നയിച്ചുവരുന്നവരാണ് പ്രതികളെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വർക്കല ഡി.വൈ.എസ്.പി പി. നിയസിന്റെ നിർദ്ദേശപ്രകാരം കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഐ. ഫറോസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, വിജയകുമാർ, അനിൽകുമാർ, ജയൻ, എ.എസ്.ഐമാരായ ശ്രീകുമാർ, സുനിൽകുമാർ, സുനിൽ, നജീബ്, സീനിയർ സിപിഒമാരായ സുലാൽ, ഹരിമോൻ, സി.പി.ഒമാരായ പ്രഭാത്, അജിൽ, സേതു. ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.