'തിരുവനന്തപുരം: വസ്തു തരംമാറ്റത്തിന്റെ സ്ഥലപരിശോധനയടക്കം ഫീൽഡിൽ ഇറങ്ങി ജോലി ചെയ്യുന്ന വില്ലേജ് ഓഫീസർക്കും സർക്കാർ വാഹനം ഇനിയും അകലെ. .നാലോ അഞ്ചോ വില്ലേജിന് ഒന്ന് എന്ന കണക്കിൽ 350 വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനുള്ള നിർദ്ദേശം നേരത്തെ റവന്യുവകുപ്പ് നൽകിയെങ്കിലും പണമില്ലെന്നു പറഞ്ഞ് ധനവകുപ്പ് ഫയൽ മടക്കി. അധികം വൈകാതെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുമെന്നാണ് റവന്യു മന്ത്രി കെ.രാജൻ പറയുന്നത്.

രണ്ടര ലക്ഷത്തോളം അപേക്ഷകളാണ് ആർ.ഡി.ഒ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്. ഇതിൽ നല്ലൊരു പങ്കും വില്ലേജ് ഓഫീസർമാർ പരിശോധന നടത്തേണ്ടതാണ്. ഗ്രൂപ്പ് വില്ലേജ് ഓഫീസുകളടക്കം (ഒരു കെട്ടിടത്തിൽ രണ്ട് )1666 വില്ലേജ് ഓഫീസുകളാണ് സംസ്ഥാനത്തുള്ളത്. അധികം വില്ലേജുകളും ഗ്രാമപഞ്ചായത്തിന്റെ പരിധിക്ക് സമാനവും. കുറേക്കാലം മുമ്പുവരെ പേഴ്സണൽ കോമ്പൻസേറ്ററി അലവൻസ് എന്ന പേരിൽ 130 രൂപയാണ് യാത്രയ്ക്കായി നൽകിയിരുന്നത്.കഴിഞ്ഞ ശമ്പളപരിഷ്കരണ ഘട്ടത്തിൽ ഇത് 1500 ആക്കി. ഓരോ ദിവസത്തെയും യാത്രയുമായി നോക്കുമ്പോൾ ഇതും അപര്യാപ്തമാണ്.

വില്ലേജ് ഓഫീസർമാരുടെ

ജോലിഭാരം

₹#ഭൂമി തരം മാറ്റ പരിശോധന

₹പുറമ്പോക്ക് കൈയേറ്റ പരാതി പരിശോധന

₹നിലം നികത്തൽ, മണലൂറ്റ് പരിശോധന

₹ക്രിമിനൽ, പോക്സോ കേസുകളിലെ സീൻ പ്ളാൻ തയ്യാറാക്കൽ

₹എക്സൈസ് റെയ്ഡുണ്ടായാൽ സീൻ പ്ളാൻ തയ്യാറാക്കൽ

₹റവന്യുറിക്കവറി, പട്ടയവിതരണ പരിശോധന

₹കെട്ടിടങ്ങളുടെ ലക്ഷ്വറി ടാക്സ് പിടിത്തം(3000 ചതുരശ്രഅടി വിസ്തീർണ്ണത്തിന് മുകളിൽ)

കൈമടക്കിനുള്ള

വഴി

കൈമടക്കിന്റെ ദുഷ്പ്പേര് വേണ്ടുവോളമുണ്ട് വില്ലേജ് ഓഫീസുകൾക്ക്. ഈ ദുശ്ശീലമില്ലാത്ത വലിയൊരു വിഭാഗം ഓഫീസർമാരുമുണ്ട്.വസ്തു പരിശോധനയ്ക്കോ അളവിനോ വില്ലേജ് ഓഫീസറും സഹായിയും എത്തണമെങ്കിൽ വാഹനത്തിന്റെ ചെലവും ഒപ്പമുള്ള പടിയും ആവശ്യക്കാരന്റെ ചുമലിലാവും.

''സർക്കാർ നിർദ്ദേശം പ്ളാനിംഗ് ബോർഡിന്റെ പരിഗണനയിലാണ്. മൂന്നു വില്ലേജുകൾക്ക് ഒന്ന് എന്ന നിലയിൽ വാഹനം നൽകാൻ നടപടിയെടുക്കും. ആഴ്ചയിൽ രണ്ടു ദിവസം ഓരോ വില്ലേജ് ഓഫീസർ വാഹനം ഉപയോഗിക്കണം.ഭൂമി കൈമാറ്റ അപേക്ഷകളിൽ വേഗത്തിൽ തീർപ്പാക്കാൻ നടപടിവരും.

-കെ.രാജൻ

റവന്യു മന്ത്രി)