v-shivankutty

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ മോഡൽ പരീക്ഷകൾ മാർച്ച് 16 മുതൽ നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ടൈംടേബിൾ ഉ‌ടൻ പ്രസിദ്ധീകരിക്കും. ഗ്രേസ് മാർക്കിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. മോഡൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ പൊതു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ആവശ്യമായ മാനസിക പിന്തുണ സ്‌കൂൾതലത്തിൽ നൽകണം. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേക കർമ്മപദ്ധതിയിലൂടെ പരീക്ഷയ്ക്ക് സജ്ജമാക്കണം. ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ഊന്നൽ നൽകണം. 10, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ 28നകം പൂർത്തിയാക്കി റിവിഷൻ നടത്തണം. എല്ലാ ശനിയാഴ്ചകളിലും സ്‌കൂൾതല എസ്.ആർ.ജി ചേർന്ന് പാഠഭാഗങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച് ചർച്ച നടത്തണം. കുട്ടികളുടെ പഠനനേട്ടം ഉറപ്പു വരുത്തണം.

എസ്.എസ്.എൽ.സി, പ്ളസ് ടു അദ്ധ്യാപകർ ഓരോ വിഷയത്തിന്റെയും പ്ളാൻ തയാറാക്കി പാഠഭാഗങ്ങൾ പൂർത്തീകരിച്ചതു സംബന്ധിച്ച റിപ്പോർട്ട് എല്ലാ ശനിയാഴ്ചയും പ്രധാനാദ്ധ്യാപകർ മുഖാന്തരം ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകണം. ക്രോഡീകരിച്ച റിപ്പോർട്ട് വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് എല്ലാ തിങ്കളാഴ്ചയും നൽകണം.വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളുകൾ സന്ദർശിച്ച് പാഠഭാഗങ്ങളുടെ വിനിമയവും പൊതുപരീക്ഷകളുടെ മുന്നൊരുക്കവും വിലയിരുത്തി നൽകുന്ന റിപ്പോർട്ട് ഡി.ഡി.ഇ/ആർ.ഡി.ഡി/ എ.ഡി തലത്തിൽ ക്രോഡീകരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം.

.