നെയ്യാറ്റിൻകര: പെരുമ്പഴുതൂർ ജംഗ്ഷൻ വികസനമെന്ന വർഷങ്ങളായുള്ള കാത്തിരിപ്പിന് അറുതിയില്ല. ജംഗ്ഷൻ വികസനത്തിൽ കണ്ണുംനട്ട് വ്യാപാരികളടക്കമുള്ള പൊതുജനം. നഗരസഭാ പരിധിയിലെ നെയ്യാറ്റിൻകര-കാട്ടാക്കട റോഡിലെ പ്രധാന ജംഗ്ഷനാണ് നാല് റോഡുകളുടെ സംഗമസ്ഥാനമായ പെരുമ്പഴുതൂർ ജംഗ്ഷൻ. വികസനത്തിന് മുന്നോടിയായുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ഒരു സെന്റ് ഭൂമി പോലും ഏറ്റെടുക്കാൻ ഇതുവരെ അധികൃതർക്കായിട്ടില്ലെന്നതാണ് വ്യാപാരികളടക്കമുളളവരെ ഏറെ ആശങ്കാകുലരാക്കുന്നത്. നെയ്യാറ്റിൻകരയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കാട്ടാക്കട, അരുവിപ്പുറം, റസ്സൽപുരം എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലേക്ക് പ്രവേശിക്കാനുളള പ്രധാന കവാടമാണ് പെരുമ്പഴുതൂർ ജംഗ്ഷൻ. ഇവിടെയെത്തിയാണ് വാഹനങ്ങൾ തിരിഞ്ഞ് ഈ റോഡുകളിലേക്ക് പ്രവേശിക്കുന്നത്. ജംഗ്ഷന്റെ വീതിക്കുറവിനെ തുടർന്ന് വാഹനങ്ങൾക്ക് സുഗമമായി പ്രധാനറോഡിലേക്ക് കയറുന്നതിനും തിരിഞ്ഞുപോകുന്നതിനും വലിയ ബുദ്ധിമുട്ടാണ്. ഇതിനെ തുടർന്നാണ് ജംഗ്ഷൻ വികസനത്തിന് നഗരസഭ പദ്ധതി തയാറാക്കിയത്. റോഡിനോട് ചേർന്നാണ് ഇവിടെ മിക്ക കടകളും സ്ഥിതി ചെയ്യുന്നത്. ബസ് കാത്തു നിൽക്കുന്നവർക്കും റോഡിലൂടെയുളള കാൽനട യാത്രക്കാരും ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. അത്രയേറെ തിങ്ങി ഞെരുങ്ങിയാണ് ജംഗ്ഷന്റെ അവസ്ഥ.

സ്ഥലമേറ്റെടുക്കൽ നടപടികൾക്കായി നഗരസഭ ഒന്നരക്കോടി രൂപ ലാൻഡ് അക്വിസേഷൻ ഡെപ്യൂട്ടി കളക്ടറുടെ അക്കൗണ്ടിൽ കൈമാറിയിട്ട് വർഷം 2 പിന്നിട്ടിട്ടും ഇതുവരെയും ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങാനായിട്ടില്ല. ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി 17 ഓളം കടകൾ ഒഴിപ്പിക്കേണ്ടി വരുമെന്നതിനാൽ കടയുടമകളടക്കമുള്ള വസ്തുവുടമകളുടമായി നിരവധി തവണ നഗരസഭാ അധികൃതർ ചർച്ച നടത്തിയിരുന്നു. സ്ഥലം വിട്ടുനൽകുന്നതിന് നഗരസഭ മതിയായ നഷ്ടപരിഹാരം അനുവദിക്കാനും ധാരണയായിരുന്നു. ഒഴിപ്പിക്കുന്ന കടക്കാർക്ക് തൊട്ടടുത്ത് വാണിജ്യ സമുച്ചയം നിർമ്മിച്ച് അവരെ പുനഃരധിവസിപ്പിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു.

അരുവിപ്പുറം ക്ഷേത്രത്തിലേക്കും അതുവഴി മാരായമുട്ടം, പെരുങ്കടവിള തുടങ്ങിയ പ്രദേശത്തേക്കും റസ്സൽപുരം വഴി പ്രാവച്ചമ്പലം തിരുവനന്തപുരം ഭാഗത്തേക്കുമുള്ള പ്രധാന പ്രവേശ കവാടമാണ് പെരുമ്പഴുതൂർ ജംഗ്ഷൻ. സാമൂഹികാഘാത പഠനം, സർവ്വെ തുടങ്ങി ഓരോ കാരണങ്ങൾ പറഞ്ഞ് ജംഗ്ഷൻ വികസനം നീട്ടിക്കൊണ്ടു പോകുന്നതായാണ് കടയുടമകളടക്കമുള്ളവരുടെ പരാതി.

തുക അപര്യാപ്തം

നഗരസഭ പണം കൈമാറി വർഷം കഴിഞ്ഞിട്ടും വസ്തു ഉടമകൾക്ക് തുക വിതരണം ചെയ്ത് സ്ഥലമേറ്റെടുക്കാൻ റവന്യു വകുപ്പ് വൈകുന്നതായാണ് കടയുടമകളടക്കമുളളവരുടെ പരാതി. എന്നാൽ നഗരസഭ റവന്യു വകുപ്പിന് നൽകിയ തുക സ്ഥലം ഏറ്റെടുക്കലിന് അപര്യാപ്തമാണെന്നും അതാണ് ഭൂമി ഏറ്റെടുക്കൽ വൈകുന്നതിനിടയാക്കുന്നതെന്നുമാണ് പറയുന്നത്. അടിയന്തരമായി സ്ഥലമേറ്റെടുത്ത് ജംഗ്ഷൻ വികസന നടപടികൾ യാഥാർത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.