vivadavela

ബി.ജെ.പിക്ക് വോട്ടുചെയ്യാനുള്ള അവസരം പാഴാക്കിയാൽ ഉത്തർപ്രദേശ് ബംഗാളോ കേരളമോ കാശ്മീരോ പോലെയാകുമെന്ന് യു.പിയിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന ദിവസം രാവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രതികരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചത്.

യു.പി കേരളമാകാതിരിക്കാൻ നിങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്യൂ എന്ന് നമ്മൾ, കേരളീയർ, യോഗിയുടെ പ്രതികരണത്തെ വ്യാഖ്യാനിച്ചു. അത് വ്യാഖ്യാനം മാത്രമായി കാണേണ്ട. അതുതന്നെയാണ് യോഗി ഉദ്ദേശിച്ചത്. കേരളത്തിൽ നിന്ന് വ്യാഖ്യാനിക്കുമ്പോൾ നമ്മൾ കേരളത്തിന്റെ കാര്യം മാത്രം ഊന്നിയെന്ന് മാത്രം. ബംഗാളിൽ നിന്നോ കാശ്മീരിൽ നിന്നോ ഇതിനെ വ്യാഖ്യാനിക്കുന്നവർ അതത് ദേശത്തിന്റെ ആംഗിളിൽ നിന്നാകും വ്യാഖ്യാനിക്കുക.

ഈ മാസം പത്തിനായിരുന്നു ഉത്തർപ്രദേശിലെ ഒന്നാംഘട്ട വോട്ടെടുപ്പ്. പടിഞ്ഞാറൻ യു.പിയിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്ക്. ഈ 58 സീറ്റുകളിൽ 2017ലെ ചിത്രമല്ല ഇന്നുള്ളത്. ബി.ജെ.പി 2017ൽ ഈ 58ൽ 51 സീറ്റുകളും പിടിച്ചെടുത്തതാണ്. പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെ ഒരു സീറ്റും കൂടി നേടി. അങ്ങനെ 58ൽ 52 സീറ്റുകളിലും ബി.ജെ.പി വിജയിച്ചു. ഉരുളക്കിഴങ്ങിന്റെയും കരിമ്പിന്റെയും മേഖലയായ പടിഞ്ഞാറൻ യു.പിയിൽ 2017ൽ നുണഞ്ഞ കരിമ്പിന്റെ മധുരം ഇത്തവണ ബി.ജെ.പിക്ക് നുണയാനാകുമെന്ന് യാതൊരുറപ്പുമില്ല. സമാജ് വാദി- രാഷ്ട്രീയ ലോക്ദൾ സഖ്യം കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ബി.എസ്.പിയും കോൺഗ്രസും സ്വന്തം നിലയ്ക്ക് സജീവം.

രാജ്യതലസ്ഥാനത്തോട് അതിർത്തി പങ്കിടുന്ന ഈ പടിഞ്ഞാറൻ മേഖല, കഴിഞ്ഞവർഷം കേന്ദ്രസർക്കാരിനെ മുട്ടുകുത്തിച്ച കർഷകപ്രക്ഷോഭത്തിന്റെ കേന്ദ്രസ്ഥാനമായിരുന്നു എന്നതാണ് പൊടുന്നനെയുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന് ഒരു കാരണം. പ്രധാന കർഷകസമൂഹമായ ജാട്ട് സമുദായത്തിന്റെ ശക്തികേന്ദ്രമാണ് പടിഞ്ഞാറൻ യു.പി. ജാട്ട് വിഭാഗത്തിന്റെ പിന്തുണ ആവോളം അനുഭവിച്ചതാണ് 2017ലെ തിളക്കമാർന്ന വിജയത്തിന് ബി.ജെ.പിയെ സഹായിച്ചത്. 17 ശതമാനത്തോളം പേർ ഇവിടെ ജാട്ട് വിഭാഗക്കാരാണ്. 26 ശതമാനം മുസ്ലിങ്ങളുണ്ട്.

2013ൽ പടിഞ്ഞാറൻ യു.പിയിലുൾപ്പെട്ട മുസാഫർനഗറിൽ നടന്ന ലഹളയ്ക്ക് ശേഷം ഹിന്ദുത്വവാദികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചും മറ്റും നടത്തിയ നീക്കങ്ങൾ പ്രദേശത്ത് ജാട്ട്, മുസ്ലിം ധ്രുവീകരണത്തിലേക്ക് കാര്യങ്ങളെത്തിച്ചു. ജാട്ടുകളെയടക്കം ഏകോപിപ്പിച്ച് ഹിന്ദുത്വധ്രുവീകരണം സാദ്ധ്യമാക്കി. അതിന് ശേഷം ഇങ്ങോട്ട് നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പി തുടർച്ചയായി വിജയിച്ചുപോന്നു. ഇത്തവണ പക്ഷേ വിധി അതാവില്ലെന്ന് മുഖ്യമന്ത്രിയും ശക്തനായ ഹിന്ദുത്വവാദിയുമായ യോഗി ആദിത്യനാഥ് വല്ലാതെ ആശങ്കപ്പെടുന്നു. അതിൽ ഒരു പ്രധാനഘടകം കർഷകസമരത്തിന്റെ ആഘാതമാണെന്നതിൽ സംശയമില്ല. മുസ്ലിം ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിൽ നിന്ന് മോചനം തേടുമ്പോൾ അവരുടെ അന്വേഷണവും ചെന്നെത്തുന്നത് ജാട്ടുകളുടെ രാഷ്ട്രീയ കക്ഷിയായ രാഷ്ട്രീയ ലോക്ദളും സമാജ്‌വാദിയും ചേരുന്ന സഖ്യത്തിലേക്കാണ്. ജാട്ട്- മുസ്ലിം ഐക്യം വീണ്ടും വന്നെത്തുന്നു എന്നതാണ് പ്രകടമായ കാലാവസ്ഥാ വ്യതിയാനം. ഇത് ബി.ജെ.പിയെ വല്ലാതെ വിറളി പിടിപ്പിച്ചുവെന്നതിന് തെളിവ്, കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ സാക്ഷാൽ അമിത്ഷാ പടിഞ്ഞാറൻ യു.പിയിൽ നേരിട്ടെത്തി വീടുകൾ കയറിയിറങ്ങി പ്രചരണം നടത്തിയതാണ്.

യോഗി ആദിത്യനാഥിനെക്കൊണ്ട് കടുത്ത പരാമർശം നടത്തിച്ചത് അദ്ദേഹത്തിന്റെ ഈ ആധിയാണെന്നതിൽ തർക്കമില്ല. അന്തംവിട്ട പ്രതി എന്തും ചെയ്യണമല്ലോ. യോഗി അതുകൊണ്ട് യു.പിയെ കേരളമാക്കരുതെന്ന് വരെ പറഞ്ഞു. ഇത് ചക്കിന് വച്ചത് കൊക്കിന് കൊണ്ടതുപോലെയാകുമോ എന്നൊക്കെ കണ്ടറിയേണ്ടതാണ്. പക്ഷേ ഈ പ്രതികരണം വിവിധ സാമൂഹ്യസൂചികകളിൽ യു.പിയും കേരളവും തമ്മിലുള്ള താരതമ്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ ചർച്ചയാക്കാൻ വഴിയൊരുക്കിയെന്നതാണ് വസ്തുത. യു.പിയിലെ ജനത അത് അത്രകണ്ട് തിരിച്ചറിയുമോ എന്നൊക്കെ മറ്റൊരു വിഷയം.

കഴിഞ്ഞ അഞ്ചുവർഷക്കാലം കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാർ കൈക്കൊണ്ടപ്പോൾ ക്രമസമാധാന പാലനത്തിൽ സമാജ് വാദി പാർട്ടിയുടെ ട്രാക്ക് റെക്കോഡ് ദയനീയമാണ് എന്നൊക്കെയാണ് പ്രചരണവേദികളിൽ യോഗി ആദിത്യനാഥും ബി.ജെ.പിയും പറഞ്ഞത്.

പടിഞ്ഞാറൻ യു.പിയിൽ മാത്രമല്ല, കിഴക്കൻ യു.പിയിലും ജാട്ടുകൾക്ക് ചെറുതല്ലാത്ത സ്വാധീനമുള്ളതാണ്. ജാട്ട്- മുസ്ലിം ഐക്യം തകർക്കാൻ ബി.ജെ.പി കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടുണ്ട് യു.പിയിൽ. അതിനായി മതവിദ്വേഷം ആളിക്കത്തിക്കുന്ന പ്രചരണം നല്ലപോലെയുണ്ടായി. അതിന്റെ അവസാനത്തെ ആയുധമായിരുന്നു കേരളം,ബംഗാൾ, കാശ്മീർ- യു.പി താരതമ്യം. യോഗി പരാമർശിച്ച കേരളമായാലും ബംഗാളായാലും കാശ്മീരായാലും മുസ്ലിങ്ങൾക്ക് കാര്യമായ സ്വാധീനശേഷി അവകാശപ്പെടാവുന്ന സംസ്ഥാനങ്ങളാണെന്നതും എടുത്തുപറയേണ്ടതുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള

ഡ്രസ് റിഹേഴ്സൽ

ഇന്ത്യയുടെ ഹൃദയഭൂമി എന്നാണല്ലോ ഉത്തർപ്രദേശ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഈ ദേശത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഡ്രസ് റിഹേഴ്സലായി വേണം കാണാൻ. അവിടെ സംഘപരിവാർ ഉയർത്തിക്കൊണ്ടിരിക്കുന്ന തീവ്രഹിന്ദുത്വ പദ്ധതി ഇക്കുറി വിജയം കാണുമോയെന്നതാണ് പ്രധാനചോദ്യം. കർഷകസമരവും അതുയർത്തിവിട്ട സ്വാധീനവും ബി.ജെ.പിയുടെ കണക്കുകൂട്ടലുകളെയും പദ്ധതികളെയുമാകെ തകിടം മറിച്ചിരിക്കുന്നുവെന്നതാണ് ആ പാർട്ടിയെ അസ്വസ്ഥമാക്കുന്ന പ്രധാന വസ്തുത. ഒരു മാറ്റത്തിന്റെ കാറ്റ് യു.പിയിൽ വീശുന്നുണ്ടെന്ന് അവിടെ സഞ്ചരിച്ചവരെല്ലാം വിലയിരുത്തുന്നുണ്ട്. അത് വോട്ടിൽ ഏതുരീതിയിൽ, ഏതളവിൽ പ്രതിഫലിക്കും എന്നതിൽ പക്ഷേ വ്യക്തതയില്ലെന്നാണ് യു.പി തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിശകലനം ചെയ്യുന്ന രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

സാമ്പത്തികമാന്ദ്യം, രൂക്ഷമായ തൊഴിലില്ലായ്മ, കർഷകദുരിതങ്ങൾ എന്നിവയെല്ലാമാണ് ഇപ്പോൾ യു.പി ചർച്ചകളിൽ കേന്ദ്രസ്ഥാനത്ത്. ഇവിടെ ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണ അജൻഡയ്ക്ക് മേൽക്കൈ നഷ്ടമാകുന്നുവെന്ന് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ എമിരറ്റസ് പ്രൊഫസറായ സോയ ഹസൻ നിരീക്ഷിക്കുന്നു.

ഹിന്ദുത്വ അജൻഡയെ മുഖ്യധാരയിൽ പ്രതിഷ്ഠിച്ചുകൊണ്ട് നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് 2017ൽ യു.പിയിൽ സാധിച്ചിരുന്നു. തിരുവായ്ക്ക് എതിർവാ ഇല്ലാത്ത അവസ്ഥയാണ് യു.പിയിൽ ഇതേത്തുടർന്ന് സംജാതമായത്. പ്രിയങ്ക ഗാന്ധിയുടെയും മറ്റും നേതൃത്വത്തിൽ കോൺഗ്രസ് ചില പ്രതിഷേധറാലികൾ സംഘടിപ്പിച്ചതല്ലാതെ മറ്റ് പ്രതിപക്ഷ പാർട്ടികളൊന്നും സമീപകാലം വരെയും ചിത്രത്തിലേ ഇല്ലായിരുന്നു. എന്നാൽ, കർഷകസമരം ശക്തിപ്പെടുകയും ലഘിംപൂർഖേരിയിൽ കർഷകപ്രക്ഷോഭകർക്കിടയിലേക്ക് വാഹനം കയറ്റി ആളുകൾ കൊല്ലപ്പെടുകയും ചെയ്തതോടെ രാഷ്ട്രീയഗതി മാറി.

ജാതി - വർഗീയ രാഷ്ട്രീയം

തിരിഞ്ഞും മറിഞ്ഞും

2013ലെ മുസാഫർനഗർ കലാപത്തിന് ശേഷമാണ് യു.പിയിലെ ശക്തമായ ജാതിരാഷ്ട്രീയം വർഗീയ രാഷ്ട്രീയത്തിലേക്ക് വഴിമാറിത്തുടങ്ങുന്നത്. യാദവേതര പിന്നാക്ക, ദളിത് സമുദായങ്ങളെയെല്ലാം കൂട്ടിയിണക്കി ഹിന്ദുധ്രുവീകരണമെന്ന അജൻഡ അരക്കിട്ടുറപ്പിക്കാൻ ആർ.എസ്.എസ് അരയും തലയും മുറുക്കി ഇറങ്ങിയതോടെയാണിത്. ബി.എസ്.പിയുടെയും എസ്.പിയുടെയും നേതൃത്വത്തിലുണ്ടായിരുന്ന മുൻകാല സർക്കാരുകൾ ഭരണതലത്തിൽ വരുത്തിവച്ച ദുഷ്പേരുകളും കൂടി ഇക്കാര്യത്തിൽ സംഘപരിവാറിന് തുണയായി മാറി.

എന്നാൽ രണ്ട് തവണയായി തുടർച്ചയായി അധികാരം പിടിച്ചതോടെ പിന്നാക്ക, ദളിത് ഗ്രൂപ്പുകൾ സംഘപരിവാർ ഭരണ നേതൃത്വത്തിൽ നിന്ന് അവഗണന നേരിട്ടു തുടങ്ങി. സമീപകാലത്ത് ബി.ജെ.പിയിൽ നിന്ന് ചില പിന്നാക്ക എം.എൽ.എമാരും എന്തിന്, മന്ത്രിമാർ പോലും എസ്.പിയിലേക്ക് കൂറുമാറിപ്പോയത് ഇതിന്റെ തുടർച്ചയായിട്ടായിരുന്നു. 2019ന്റെ തുടക്കത്തിൽ നൂറിൽപ്പരം ബി.ജെ.പി എം.എൽ.എമാർ സ്വന്തം സർക്കാരിനെതിരെ വിധാൻസഭയ്ക്കകത്ത് ധർണ നടത്തിയതും വലിയ സംഭവമായിരുന്നു. മുതിർന്ന പാർട്ടി നേതൃത്വം ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയായിരുന്നു.

ഇന്നിപ്പോൾ ഒരു തിരിച്ചുപോക്കിന്റെ സൂചന യു.പിയിൽ കണ്ടു തുടങ്ങിയതാണ് സംഘപരിവാറിനെ അസ്വസ്ഥമാക്കുന്നത്. പക്ഷേ, യു.പി ജനതയെ തുറിച്ചുനോക്കുന്ന ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. വർഗീയ രാഷ്ട്രീയത്തിൽ നിന്ന് ജാതീയതയുടെ സ്വത്വരാഷ്ട്രീയത്തിലേക്ക് തിരിച്ചുപോയാലും സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന അസമത്വവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ എന്നതാണത്. രാഷ്ട്രീയത്തിൽ മതത്തിന് പകരം ജാതി വീണ്ടും കേന്ദ്രസ്ഥാനത്ത് വരുന്നു എന്നതിൽ കവിഞ്ഞ്, സംസ്ഥാനം നേരിടുന്ന സാമൂഹികമായ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിക്കാനുള്ള ശേഷി ഇപ്പോഴും യു.പി രാഷ്ട്രീയം കൈവരിച്ചിട്ടില്ല. ഭരണകൂടത്തിന്റെ പീഡനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ സമുദായങ്ങൾ നേരിടുന്ന വിവേചനത്തെയോ സാമൂഹ്യ അനീതിയെയോ അസമത്വത്തെയോ യു.പി ഇപ്പോഴും അഡ്രസ് ചെയ്യുന്നില്ല.

ഒരു ഹിന്ദുരാഷ്ട്രത്തിൽ ജീവിക്കുന്നതിൽ വല്ലാത്ത രീതിയിൽ ആഹ്ലാദിക്കുന്ന ഒരു ജനതയെ ഇന്ന് യു.പിയിൽ കാണാനാവില്ല എന്നതൊരു യാഥാർത്ഥ്യം തന്നെയാണ്. പക്ഷേ വർദ്ധിച്ചുവരുന്ന ഈ അസംതൃപ്തി ഭരിക്കുന്ന കക്ഷിക്കെതിരെ ഏതുതരത്തിൽ വോട്ടായി മാറുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ലാത്തത് മറുവശത്തെ രാഷ്ട്രീയകക്ഷികൾ പ്രതിനിധാനം ചെയ്യുന്ന സ്വത്വരാഷ്ട്രീയത്തിന്റെ നില ഒന്നുകൊണ്ട് മാത്രമാണ്.

കൊവിഡ് മഹാമാരി ആദ്യം പിടിമുറുക്കിയ കാലത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗൺ വേളയിൽ യു.പിയിലെ ദശലക്ഷക്കണക്കിന് പാവപ്പെട്ട കൂലിത്തൊഴിലാളികൾ നേരിട്ട ദുരിതം നമ്മളെല്ലാം വാർത്തകളിലൂടെ അറിഞ്ഞതാണ്. യു.പിയിലെ പൊതു ആരോഗ്യസംവിധാനം നേരിടുന്ന വെല്ലുവിളിയും യോഗിയുടെ സ്വന്തം ഗോരഖ്പുരിൽ ഓക്സിജൻ കിട്ടാതെയുണ്ടായ ശിശുമരണവും വാർത്തയിൽ നിന്ന് രാജ്യം അറിഞ്ഞു.

കേരളവും യു.പിയും

യു.പി കേരളം പോലെയാകാതിരിക്കാൻ ബി.ജെ.പിയെ വിജയിപ്പിക്കൂ എന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇരിക്കുന്ന കൊമ്പിൽ കോടാലി താഴ്ത്തിയ അനുഭവമായി മാറുന്നത് നിതി ആയോഗിന്റെ കണക്കുകളാണ്. യു.പിയിലെ ജനങ്ങളിൽ 37.79 ശതമാനവും ദരിദ്രരാണെന്നാണ് ആ കണക്ക്. അതേതാണ്ട് ഒൻപത് കോടി വരും. കേരള ജനസംഖ്യയുടെ മൂന്നിരട്ടി. എന്നാൽ ദരിദ്രർ ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളവുമാണ്. 0.79 ശതമാനമാണ് ഇവിടത്തെ ദരിദ്ര ജനസംഖ്യ. സാമൂഹ്യനീതി, സമത്വം, ആയുർദൈർഘ്യം, വിദ്യാഭ്യാസം, ആരോഗ്യം, ലിംഗസമത്വം എന്നിങ്ങനെ ജീവിതനിലവാര സൂചികയുടെ ഏതളവെടുത്താലും യു.പിയേക്കാളൊക്കെ വളരെ മുന്നിലാണ് കേരളം. പലതിലും ഒന്നാമതുമാണ്.

ഭൗതിക പശ്ചാത്തലങ്ങളുടെ വളർച്ച, സാമൂഹ്യനീതി, മനുഷ്യ അന്തസ്, മതനിരപേക്ഷമായ ജീവിതബോധം എന്നീ മൂന്ന് തലങ്ങളിൽ കേരളം യു.പിക്കെന്നല്ല, ഇന്ത്യയിലെ വലിയൊരു വിഭാഗം സമൂഹങ്ങൾക്കാകെ ആശ്രയിക്കാവുന്ന മാതൃകയാണെന്ന് ഡോ. സുനിൽ പി. ഇളയിടം നിരീക്ഷിച്ചത് തന്നെയാണ് പ്രസക്തം.

യു.പിയിലെ തിരഞ്ഞെടുപ്പിൽ പിടിച്ചുനിൽക്കാനുള്ള അറ്റകൈ പ്രയോഗമായിട്ടാണെങ്കിലും ഇത്തരമൊരു താരതമ്യ ചർച്ചയിലേക്ക് കാര്യങ്ങൾ വഴി തിരിച്ചുവിടാൻ വഴിതുറന്നു എന്ന നിലയിൽ യോഗി ആദിത്യനാഥിന്റെ കേരള പരാമർശം നമുക്കും സ്വാഗതം ചെയ്യാം, എന്തേ!

ഈ ഘട്ടത്തിലിറങ്ങിയ ഒരു ട്രോൾ കൂടി ഇതിനൊപ്പം ചേർത്താലേ സംഗതി രസകരമാവൂ. "കേരളത്തിൽ യു.പി സ്കൂളുകൾ ധാരാളമുണ്ട്. എന്നാൽ യു.പിയിൽ ഒരു കേരള സ്കൂളെങ്കിലുമുണ്ടോ!"