
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നേതൃത്വത്തോടോ നിയമസഭാകക്ഷിയിലോ യു.ഡി.എഫിലോ ആലോചിക്കാതെ ഏകപക്ഷീയ ഇടപെടലുകൾ നടത്തുന്നുവെന്ന് പാർട്ടിക്കുള്ളിൽ ആക്ഷേപം പുകയുന്നതായി മാദ്ധ്യമവാർത്തകൾ പ്രചരിക്കുമ്പോൾ, അത്തരം പരാതി കെ.പി.സി.സിയിൽ വന്നിട്ടില്ലെന്ന് പ്രസിഡന്റ് കെ. സുധാകരനും, പാർട്ടി അദ്ധ്യക്ഷനുമായി ഒരു പ്രശ്നവുമില്ലെന്ന് ചെന്നിത്തലയും.
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിന് എതിരെ നിയമസഭയിൽ നിരാകരണ പ്രമേയത്തിന് നോട്ടീസ് നൽകുമെന്ന രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനമാണ് പാർട്ടിയിൽ ഏറ്റവുമൊടുവിൽ അസ്വസ്ഥതയ്ക്ക് വിത്തുപാകിയത്. പ്രതിപക്ഷ നേതാവുള്ളപ്പോൾ അദ്ദേഹത്തോട് ചർച്ച ചെയ്യാതെ ഒരു മുതിർന്ന അംഗം ഏകപക്ഷീയമായി നീങ്ങുന്നത് ആരോഗ്യകരമായ സംഘടനാരീതിയല്ലെന്ന് പാർട്ടി ഔദ്യോഗിക ക്യാമ്പ് ചൂണ്ടിക്കാട്ടുന്നു.
സഭയിൽ ബില്ലായി വരാത്ത ഓർഡിനൻസുകൾക്കെതിരെ നിരാകരണപ്രമേയം കൊണ്ടുവന്ന അധികം കീഴ്‌വഴക്കങ്ങൾ സംസ്ഥാന നിയമസഭയിലുണ്ടായിട്ടില്ല. ഭരണഘടനാ അനുച്ഛേദം 213 (2) എ പ്രകാരമാണ് അംഗത്തിന് ഇത്തരമൊരു അവകാശമുള്ളത്. 1967ൽ കെ.ആർ. ഗൗരിഅമ്മ മാത്രം ഒരിക്കൽ ഈ അവകാശം വിനിയോഗിച്ചു. അതീവപ്രാധാന്യമുള്ള ഇത്തരം തീരുമാനം പ്രഖ്യാപിക്കുമ്പോൾ സഭയിൽ അതിന്റെ വരുംവരായ്കകൾ എന്തെല്ലാമെന്ന് പ്രതിപക്ഷം കൂട്ടായി ആലോചിക്കണം. സ്പീക്കർ പ്രമേയം നിഷേധിച്ചാൽ തുടർനടപടി എന്താകണമെന്നതിൽ തന്ത്രവും മെനയണം.
നേരത്തേ ലോകായുക്തയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ പാർട്ടിയിൽ ആലോചിക്കാതെ രമേശ് ചെന്നിത്തല ഹർജി നൽകിയതും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഹർജി കഴമ്പില്ലെന്നു വ്യക്തമാക്കി ലോകായുക്ത തള്ളുകയും, ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസമേല്കുകയും ചെയ്തു. ഇതിന്മേൽ റിവ്യു ഹർജിയുമായി നീങ്ങുന്നത് തിരിച്ചടിയാകുമെന്നറിഞ്ഞിട്ടും പാർട്ടിയെ അടിക്കാൻ ഇടതുപക്ഷത്തിന് വടി കൊടുക്കുകയാണെന്ന വിലയിരുത്തലുമുണ്ട്. പരസ്യമായി ചെന്നിത്തലയെ ന്യായീകരിക്കേണ്ടിയും വരുന്നു. ഇതെല്ലാം പ്രതിപക്ഷത്ത് ഐക്യമില്ലായ്മയുണ്ടെന്ന തോന്നൽ പൊതുസമൂഹത്തിൽ ജനിപ്പിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. പുതിയ നേതൃത്വം വന്ന ശേഷം പാർട്ടിയിലുണ്ടായ ഉണർവിന് മങ്ങലേല്പിക്കുന്നതാണ് ഇത്തരം ഇടപെടലുകളെന്നും വിമർശനമുണ്ട്.
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെതിരെ ഗവർണറെ സമീപിക്കാൻ പ്രതിപക്ഷം ആലോചിച്ചപ്പോൾ അക്കാര്യം രമേശ് ചെന്നിത്തലയോടും ഉമ്മൻ ചാണ്ടിയോടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിച്ചിരുന്നു. അടുത്ത ദിവസം വി.ഡി. സതീശൻ തന്നെ വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ പ്രഖ്യാപിക്കാമെന്ന് ധാരണയിലെത്തിയ ശേഷം, അതിരാവിലെ വാർത്താ സമ്മേളനം വിളിച്ച് ചെന്നിത്തല ക്രെഡിറ്റടിക്കാൻ നോക്കിയെന്ന ആക്ഷേപവും ഔദ്യോഗിക ക്യാമ്പിലുണ്ട്. എന്നാൽ, രമേശിന്റെ ഇടപെടലുകളെല്ലാം പ്രതിപക്ഷത്തിന് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ പോന്നതായിരുന്നില്ലേയെന്നാണ് രമേശ് ക്യാമ്പിന്റെ മറുചോദ്യം. അതേസമയം, ചെന്നിത്തലയ്ക്കെതിരെ കോൺഗ്രസ് നേതൃത്വം എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചു.