rajendran

തിരുവനന്തപുരം: പേരൂർക്കട അലങ്കാരച്ചെടി വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരി വിനിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രന് കൊലപാതകങ്ങളും കവർച്ചകളുമുൾപ്പെടെ കൂടുതൽ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടാകുമെന്ന സംശയത്തിൽ പൊലീസ്. വിനിതയെ കൊലപ്പെടുത്തിയതിന് സമാനമായി ഇരിങ്ങാലക്കുടയിൽ ആലീസെന്ന യുവതിയെ കവർച്ചയ്ക്കിരയാക്കി കൊലപ്പെടുത്തിയതും തമിഴ്നാട്ടിൽ തെളിയപ്പെടാത്ത മറ്റൊരു കേസിലും രാജേന്ദ്രൻ സംശയനിഴലിലാണ്.

ആലീസ് കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പുറത്തുവിട്ട ലുക്ക് ഔട്ട് നോട്ടീസിൽ രാജേന്ദ്രനോട് സാമ്യമുള്ളയാളാണ് പ്രതി. തമിഴ്നാട് പൊലീസ് അവിടെ തെളിയപ്പെടാത്ത മറ്റൊരു കൊലപാതകത്തിലും രാജേന്ദ്രനെ സംശയിച്ച് കേരള പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിന്റെ രീതിവച്ചാണ് രാജേന്ദ്രനെ സംശയിക്കുന്നത്.

രാജേന്ദ്രൻ ധനതത്വശാസ്ത്രത്തിൽ ബിരുദാനനന്തര ബിരുദവും എം.ബി.എയും അദ്ധ്യാപക പരിശീലനവും നേടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. തികഞ്ഞ തയ്യാറെടുപ്പോടെയാണ് ഓരോ കുറ്റകൃത്യവും ഇയാൾ നടത്തുന്നത്. ഉന്നത പൊലീസുദ്യോഗസ്ഥർ ചോദ്യം ചെയ്താൽ മാത്രമേ ഇയാൾ സഹകരിക്കുന്നുള്ളൂ. അല്ലാത്തപക്ഷം മൗനംപാലിക്കും. തമിഴ്നാട്ടിൽ മോഷണം,​ കവർച്ച,​ കൊലപാതകം തുടങ്ങിയ കൃത്യങ്ങൾ നടത്തി നോട്ടപ്പുള്ളിയായപ്പോഴാണ് നാടുവിട്ട് കേരളത്തിലെത്തിയത്. ഓൺലൈൻ ഇടപാടുകളിൽ തത്പരനായ ഇയാൾ കവർച്ച ചെയ്ത് കിട്ടുന്ന പണം ക്രിപ്റ്റോ കറൻസി ഉൾപ്പെടെയുള്ള നിക്ഷേപ പദ്ധതികളിൽ നിക്ഷേപിച്ചിട്ടുണ്ടാകുമെന്നും പൊലീസ് കരുതുന്നു. ഇയാളുടെ ഫോണും ബാങ്ക് അക്കൗണ്ടുകളും മറ്റ് രേഖകളും അടിസ്ഥാനമാക്കി ഈ വഴിക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് ശ്രമം. ആൻഡ്രോയ്ഡ് ഫോണുൾപ്പെടെ രണ്ട് ഫോണുകൾ ഇയാൾക്കുണ്ട്. ഫോൺ കാൾ വിശദാംശങ്ങൾ പൊലീസ് എടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണ്.