award

തിരുവനന്തപുരം: ഓരോ തവണ വായിക്കുമ്പോഴും പുതിയ ആശയങ്ങൾ വായനക്കാരിൽ സൃഷ്ടിക്കാൻ കഴിയുന്നതാണ് ഉത്കൃഷ്ടമായ കൃതിയെന്നും പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീർത്തനം പോലെ' എന്ന നോവൽ അതിനുദാഹരണമാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ 2021ലെ കുഞ്ചൻമ്പ്യാർ അവാർഡ് പെരുമ്പടവം ശ്രീധരന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഷ്യ സന്ദശിക്കാതെയാണ് പെരുമ്പടവം ദസ്തയേവിസ്കിയെക്കുറിച്ച് എഴുതിയത്. കുമാരനാശാനെക്കുറിച്ച് പെരുമ്പടവം എഴുതിക്കൊണ്ടിരിക്കുന്ന 'അവനി വാഴ്‌വ് കിനാവ്' എന്ന പുസ്തകത്തിനായി കാത്തിരിക്കുകയാണ് വായനക്കാരെന്നും പെരുമ്പടവം മാജിക് ആ കൃതിയിലും പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

25,001 രൂപയും ബി.ഡി.ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഒരു സങ്കീർത്തനം പോലെ എന്ന കൃതിക്കും മുകളിൽ നിൽക്കുന്നതായിരിക്കും അദ്ദേഹത്തിന്റെ പുതിയ രചനയായ 'അവനി വാഴ്വ് കിനാവ് ' എന്ന് കവിയും കേരളകൗമുദി ന്യൂസ് എഡിറ്ററുമായ ഡോ.ഇന്ദ്രബാബു അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

മന്ത്രി ജി.ആർ.അനിൽ കുഞ്ചൻ നമ്പ്യാർ സ്മാരക പ്രഭാഷണവും സാഹിത്യോത്സവത്തിന്റെ ഓൺലൈൻ ഉദ്ഘാടനവും നിർവഹിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും എല്ലാ തലമുറകളെയും ആകർഷിക്കുന്നതാണ് കുഞ്ചൻ നമ്പ്യാരുടെ ജനകീയ ഭാഷയെന്നും മലയാളത്തിലെ ഏറ്റവും ജനകീയനായ നോവലിസ്റ്റാണ് പെരുമ്പടവം ശ്രീധരനെന്നും ജി.ആർ.അനിൽ പറഞ്ഞു.

കുഞ്ചൻ നമ്പ്യാരുടെ കാല്പാടുകൾ തേടി തിരുവനന്തപുരത്തെ വഴികളിലൂടെ പലപ്പോഴും അലഞ്ഞിട്ടുണ്ടെന്ന് മറുപടി പ്രസംഗത്തിൽ പെരുമ്പടവം പറഞ്ഞു. വിവിധ മേഖലകളിലെ പ്രതിഭകൾക്കുള്ള പുരസ്‌കാരങ്ങൾ എസ്.ഗീതാഞ്ജലി, സ്മിത ദാസ്, ടി.വി.സജിത്, ഡോ.കാർത്തിക എസ്.ബി, ബർ‌ഗ്‌മാൻ തോമസ്, ശ്യാം തറമേൽ, സ്റ്റെല്ല മാത്യു, മോഹൻദാസ് സൂര്യനാരായണൻ, പ്രശാന്ത് വിസ്മയ, രശ്മി ശെൽവരാജ് എന്നിവർ കേന്ദ്ര മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. സെക്രട്ടറി പഴുവടി രാമചന്ദ്രൻനായർ, കോർഡിനേറ്റർ ജയശ്രീ ചന്ദ്രശേഖരൻനായർ, കലാ വിഭാഗം കൺവീനർ ജി.എസ്.അഥീന എന്നിവർ സംസാരിച്ചു.