
ജില്ലയിലെ ആദ്യ ആധുനിക അറവുശാല
തിരുവനന്തപുരം: കുന്നുകുഴിയിലെ അറവുശാല ജൂണിൽ പ്രവർത്തനമാരംഭിക്കും. നിലവിലുള്ള കെട്ടിടം നിലനിറുത്തിയാണ് പുതിയ അറവുശാല നിർമ്മാണം. ജില്ലയിലെ തന്നെ ആദ്യ ആധുനിക അറവുശാലയാണ് കുന്നുകുഴിയിൽ ഒരുങ്ങുന്നത്. നിലവിൽ 40 ശതമാനം ജോലികൾ പൂർത്തീകരിച്ചു. ഇനി യന്ത്രങ്ങൾ സ്ഥാപിക്കുന്ന ജോലികളാണുള്ളത്. അടുത്ത ആഴ്ച യന്ത്രങ്ങൾ മഹാരാഷ്ട്രയിൽ നിന്ന് എത്തും.
ബയോഗ്യാസ് പ്ളാന്റ്, ബയോ ഫിൽട്ടർ, റെൻഡറിംഗ് പ്ളാന്റ്, മാലിന്യ സംസ്‌കരണ ട്രീറ്റ്‌മെന്റ് പ്ളാന്റ് എന്നിവയാണ് അറവുശാലയുടെ ഭാഗമായി സ്ഥാപിക്കുന്നത്.
സ്ഥലത്തെ സിവിൽ ജോലികൾ സർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് (കെൽ) കമ്പനി ലിമിറ്റഡാണ് ചെയ്യുന്നത്.
പ്ളാന്റിന്റെ നടത്തിപ്പ് കരാറടിസ്ഥാനത്തിൽ ഏജൻസിയെ ഏൽപ്പിക്കാനാണ് നഗരസഭ ആലോചിക്കുന്നത്. പ്രതിദിന കശാപ്പ് നടപടികൾ പരിചയ സമ്പന്നനായ ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിക്കും. അറവ് മാലിന്യം ഭാവിയിൽ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് അറവുകാർക്ക് പരിശീലനവും നൽകും.
11.23 കോടി രൂപയാണ് പദ്ധതിച്ചെലവ്. 9.22 കോടിയുടെ സാങ്കേതിക അനുമതി ശുചിത്വ മിഷൻ നൽകിയിട്ടുണ്ട്.
നഗരത്തിലെ 250 ഓളം അറവുശാലകളിൽ നിന്നായി ദിവസേന 12 മുതൽ 15 ടൺ വരെ അറവ് മാലിന്യമാണ് നഗരത്തിൽ ഉണ്ടാകുന്നത്. ആഴ്ചാവസാനവും ഉത്സവ, ആഘോഷ സീസണുകളിലും ഇത് 25 ടൺ വരെ ഉയരാറുണ്ട്. നഗരത്തിലുണ്ടാകുന്ന അറവ് മാലിന്യത്തിൽ 50 ശതമാനം കേന്ദ്രീകൃത സംവിധാനത്തിലൂടെ സംസ്‌കരിക്കുന്നുണ്ടെങ്കിലും അനധികൃത അറവ് മാലിന്യങ്ങൾ നഗരത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അറവുശാല പ്രവർത്തനം
ഒരു മണിക്കൂറിൽ 60 കന്നുകാലികളെയും ഒരു ഷിഫ്ടിൽ 300 ആടുകളെയും കശാപ്പ് ചെയ്ത് ഇറച്ചിയാക്കി നൽകും.
റെൻഡറിംഗ് പ്ളാന്റ് വഴി ഇറച്ചി അവശിഷ്ടങ്ങൾ സംസ്കരിക്കും
അത്യാധുനിക ഫ്രീസർ
മറ്റ് സ്ഥലങ്ങളിൽ മാംസം എത്തിക്കുന്നതിന് മൊബൈൽ ഫ്രീസർ
അറവുശാലയോട് ചേർന്ന് ചില്ലറ വില്പനയ്ക്കുള്ള സ്റ്റാൾ
അറവുശാലയിലെത്തുന്ന കന്നുകാലികളെയും ആടുകളെയും പരിശോധിക്കുന്നതിന് ഡോക്ടർമാർ. ഇതിനായി പ്രത്യേകം ലാബ്
ലാബിൽ അറവിന് മുൻപും ശേഷവും മാംസം പരിശോധിച്ച് ഉറപ്പുവരുത്തും.
സ്റ്റാഫ് ക്വാർട്ടേഴ്സ് സ്ഥാപിക്കും.
38 തരം ആധുനിക മെഷീൻ
38 തരം ആധുനിക മെഷീനുകളാണ് ഇറക്കുമതി ചെയ്യുന്നത്. കന്നുകാലിയെ കൊല്ലുന്നതു മുതൽ അവ ഇറച്ചിയായി വരുന്നതു വരെ കൂടുതലും മെഷീനുകളിലാകും പ്രവർത്തനം.
2011 ൽ പൂട്ട് വീണ അറവുശാല
മലിനീകരണ ബോർഡിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ച കുന്നുകുഴിയെ ആദ്യത്തെ അറവുശാല 2011ലാണ് അടച്ചുപൂട്ടിയത്.മുൻ മേയറായിരുന്ന ചന്ദ്രികയുടെ കാലത്ത് വീണ്ടും ഇത് ആരംഭിക്കാനുള്ള നടപടികൾ തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല.തുടർന്ന് 2018ൽ വി.കെ പ്രശാന്ത് മേയറായിരുന്നപ്പോൾ ഇത് നവീകരിക്കാൻ തീരുമാനിച്ചു.തുടർന്ന് ഇതിന്റെ ഡി.പി.ആർ തയ്യാറാക്കിയെങ്കിലും തുടർപ്രവർത്തനം നടന്നില്ല.എല്ലാ കൗൺസിലിലും ഇതിനുവേണ്ടി തുക വകവയ്ക്കുമെങ്കിലും പദ്ധതി നടക്കാതെ നീങ്ങുകയായിരുന്നു.
പദ്ധതി ചെലവിന്
കെട്ടിട നവീകരണത്തിന് - 1.68 കോടി
ഇലക്ട്രിക് വർക്കിന് - 80 ലക്ഷം
സൈഡ് വാൾ, മതിൽ - 2 കോടി
മെഷീനുകളുടെ വില - 6.32 കോടി