
വിഴിഞ്ഞം: കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കാരോട് എൻ.എച്ച് ബൈപ്പാസിന്റെ കോൺക്രീറ്റ് ഭിത്തികൾക്കിടയിലൂടെ മണ്ണൊലിച്ചിറങ്ങി അപകടഭീക്ഷണിയായ റോഡ് എം. വിൻസന്റ് എം.എൽ.എ സന്ദർശിച്ചു.
പുന്നക്കുളം ചപ്പാത്ത് റോഡിന്റെ പാലം കഴിഞ്ഞ് വരുന്ന പ്രദേശത്ത് വലിയ കോൺക്രീറ്റ് കട്ടകൾ അടുക്കി ഭിത്തി നിർമ്മിച്ചിരിക്കുന്ന സ്ഥലത്ത് പൊട്ടലും വിള്ളലും ഉണ്ടായി. ഇതിനെ തുടർന്ന് 50 അടിയോളം ഉയരം വരുന്ന ഭിത്തികൾ മറിഞ്ഞുവീഴുന്ന സ്ഥിതിയിലാണ്. അടിസ്ഥാന കോൺക്രീറ്റ് കട്ടകൾ പൂർണമായി പൊട്ടിപ്പൊളിഞ്ഞ് അതുവഴി മഴയത്ത് വെള്ളവും മണ്ണും ഒലിച്ചു പോയി. വലിയ കോൺക്രീറ്റ് ബ്ലോക്കുകൾ ഉപയോഗിച്ച് നിർമ്മിച്ച മതിലുകൾ ഇടിഞ്ഞു വീഴുന്ന അവസ്ഥയിൽ നിൽക്കുന്നത് തദ്ദേശവാസികൾക്കും യാത്രക്കാർക്കും ഭീഷണിയാണ് മഴയത്ത് സർവീസ് റോഡിന്റെ ഭാഗങ്ങളിലെ കോൺക്രീറ്റ് ഒലിച്ചുപോയി വലിയ കുഴികൾ രൂപപ്പെട്ടു. തെങ്കവിളയിലെ പത്തോളം വീടുകളിൽ സർവീസ് റോഡിൽ നിന്നും വെള്ളം ശക്തമായി ഒഴുകി എത്തി. നാട്ടുകാരും ജനപ്രതിനിധികളും നിരവധിതവണ നിർമ്മാണ പ്രവർത്തനത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ യാതൊരു നടപടികളും കൈക്കൊള്ളുവാൻ തയാറായിട്ടില്ല.
മന്ത്രിശിവൻകുട്ടിയുടെ നേതൃത്വത്തിൽ ടോൾ സമരം ഒത്തുതീർപ്പാക്കാൻ വേണ്ടി വിളിച്ചുകൂട്ടിയ യോഗത്തിൽ വച്ച്
എൻ.എച്ച് ബൈപാസിലെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളുടെ അപാകതകൾ പരിഹരിക്കുവാൻ
വിദഗ്ദ സംഘത്തെ നിയോഗിക്കാമെന്നും അതിലെ അപാകതകൾ പരിഹരിക്കാമെന്ന് എൻ.എച്ച് അധികൃതർ ഉറപ്പുനൽകിയിരുന്നു. എൻ.എച്ച് ബൈപാസിലെ നിർമാണങ്ങളുടെ അപാകത പരിഹരിക്കുവാൻ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് എം.വിൻസന്റ് എം.എൽ.എയും ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ അഡ്വ. കെ.വി അഭിലാഷും പറഞ്ഞു.