കാട്ടാക്കട: ഗ്രാമങ്ങളിൽ ഇപ്പോഴത്തെ പ്രധാന കാഴ്ചയാണ് ഹരിതകർമ്മ സേന. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇവർ മുടങ്ങാതെ എത്തും. ശുദ്ധീകരിച്ച പ്ലാസ്റ്റിക് ശേഖരിക്കാനും യൂസർ ഫീ ഈടാക്കാനുമാണ് ഇവരെത്തുന്നത്. പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കാനാണ് ഹരിതകർമ്മ സേന വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ഇത്തരത്തിൽ അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നത്. ഒപ്പം സേനയ്ക്ക് യൂസർഫീയും അടയ്ക്കണം. എന്നാൽ, ഈ മാലിന്യം സേനയ്ക്ക് നൽകുമ്പോൾ അത് വൃത്തിയുള്ളതാകണമെന്ന് മാത്രം. കഴുകി സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകളും ഭക്ഷണ അവശിഷ്ടങ്ങൾ പറ്റാത്ത കുപ്പികളും എല്ലാം ഇവർ കൊണ്ടുപോകും. എന്നാൽ ഗ്രാമീണ മേഖലയിലെ മിക്കവീടുകളിൽ നിന്നും പ്ലാസ്റ്റിക്കുകളൊന്നും ഹരിത കർമ്മ സേനയ്ക്ക് കിട്ടാറില്ല. ഹരിതകർമ്മ സേന സ്വീകരിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളുമൊക്കെ ആക്രിശേഖരിക്കുന്നവർ വിലനൽകി വീടുകളിൽ നിന്നും കടകളിൽ നിന്നും വാങ്ങിപോകുന്നത് പതിവ് കാഴ്ചയാണ്. ചിലയിടങ്ങളിൽ മാലിന്യം കവറുകളിലാക്കി ഹരിതകർമ്മ സേനാംഗങ്ങളെത്തുമ്പോൾ കൈമാറുന്നവരും കുറവല്ല. പൊതുനിരത്തുകളിൽ മാലിന്യം കുന്നുകൂടാതിരിക്കുന്നതിനുവേണ്ടിയാണ് ഹരിത കർമ്മസേനയുടെ ഈ പ്രവർത്തനം.
റോഡുവക്കുകളിലെ മാലിന്യ നിക്ഷേപം തടയാൻ ശക്തമായ നടപടിയുണ്ടായാൽ മാലിന്യ നിക്ഷേപം തടയാനാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
തകിടംമറിഞ്ഞ് മാലിന്യ സംസ്കരണം
എന്നാൽ ഗ്രാമീണ മേഖലയിലെ കാട്ടാക്കട ടൗൺ ഉൾപ്പെടെയുള്ള ജനവാസകേന്ദ്രങ്ങളിലും റോഡുവക്കുകളിലും മാലിന്യ നിക്ഷേപത്തിന് ഒരു കുറവുമില്ല. റോഡുവക്കുകളിലേയും ആളൊഴിഞ്ഞ പ്രദേശങ്ങളിലേയും മാലിന്യനിക്ഷേപം കാരണം നാട്ടുകാരും യാത്രക്കാരും പൊറുതിമുട്ടുകയാണ്. പൊതുമരാമത്ത് ഓടകളിലും റോഡുവക്കുകളിലും മാലിന്യം നിക്ഷേപിക്കുന്നത് തടയാനും മാലിന്യ നിർമ്മാർജ്ജനത്തിന് സംവിധാനമൊക്കെ തകിടം മറിഞ്ഞിരിക്കുകയാണ്. കാട്ടാക്കട, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ മാലിന്യങ്ങൾ കുന്നുകൂടികിടക്കുകയാണ്.
ഓടകൾ നിറയെ മാലിന്യം
മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാൻ തടസ്സമാകുന്ന തരത്തിൽ ഓടകളിലും മാലിന്യം നിറഞ്ഞു. മാലിന്യം നിറഞ്ഞ ഓടകളിൽവെള്ളം കെട്ടിനില്‍ക്കുന്നത് രൂക്ഷമായ കൊതുക് ശല്യത്തിനും കാരണമാവുകയാണ്. കാട്ടാക്കട നെയ്യാറ്റിൻകര റോഡിലും തിരുവനന്തപുരം റോഡിലും നെയ്യാർ ഡാം റോഡിലും മാർക്കറ്റ് റോഡിലും ഇടറോഡുകളിൽ പോലും മാലിന്യം നിറഞ്ഞിട്ടുണ്ട്.
കോട്ടൂർ റോഡിൽ പോസ്റ്റോഫീസ് ജംഗ്ഷനിലെ ഓടകൾ മലിന്യംകൊണ്ട് നിറഞ്ഞു. ഇവിടെ സ്ലാബുകൾ പൊളിച്ചും ഇതിനിടയിലൂടെ കുത്തിത്തിരികിയും പച്ചക്കറി അവശിഷ്ടവും ചാക്കുകളും ഉൾപ്പെടെ നിറഞ്ഞിട്ടുണ്ട്.
കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളുടെയും അതിർത്തി പ്രദേശമെന്നനിലയ്ക്കുള്ള പഴിചാരൽ മാത്രമാണ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നാണ് ആക്ഷേപം.