
തിരുവനന്തപുരം: കണ്ണൂരിൽ വിവാഹഘോഷ യാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയത് കേരളത്തിന്റെ ക്രമസമാധാന തകർച്ചയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നാട്ടിൽ നടന്ന സംഭവം ലോകത്ത് കേട്ടുകേൾവിയില്ലാത്തതാണ്. സി.പി.എമ്മിന്റെ ക്വട്ടേഷൻ സംഘങ്ങളുടെ ചേരിപ്പോരാണ് സംഭവത്തിന് പിന്നിൽ. കേരളത്തിൽ ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടുകയാണ്. രാജ്യത്ത് സ്ത്രീകൾക്ക് നേരെ ഏറ്റവും അതിക്രമങ്ങളുണ്ടാവുന്ന സംസ്ഥാനമായി കേരളം മാറി. 2021 ൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 16,418 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 3549 പോക്‌സോ കേസുകളെടുത്തു. സ്ത്രീപീഡന കേസുകളിൽ സി.പി.എംകാർ പ്രതികളാവുമ്പോൾ കേസ് എടുക്കാൻ പോലും പൊലീസ് തയ്യാറാവുന്നില്ല. പിണറായിയുടെ ഭരണത്തിൽ 6 വർഷത്തിനിടെ ഒരൊറ്റ സ്ത്രീപീഡന കേസിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല. സ്വന്തം നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് പിണറായി യു.പിയെ അപമാനിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.